23 April Tuesday

കേന്ദ്രം സ്‌കോളർഷിപ്പുകൾ നിഷേധിക്കുന്നു; ബദൽ ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022

തിരുവനന്തപുരം > അർഹരായ വിവിധ വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ കേന്ദ്രസർക്കാർ ‍തടസ്സപ്പെടുത്തുന്നതായി മന്ത്രി കെ രാധാകൃഷ്ണ‌ൻ നിയമസഭയെ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന്‌ എം വിജിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

നൂറ് ശതമാനം കേന്ദ്രസർക്കാർവിഹിതമുള്ള ഒബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്, അമ്പത് ശതമാനംവീതം കേന്ദ്ര-–-സംസ്ഥാന സർക്കാർ വഹിക്കുന്ന ഒബിസി പ്രീമെട്രിക് സ്കോളർഷിപ് എന്നിവയുടെ നടത്തിപ്പിനായി കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും തിരിച്ചടിയായി. ഒന്നുമുതൽ പത്തുവരെ ക്ലാസുകാർക്ക്‌ ലഭിച്ചിരുന്ന ആനുകൂല്യം ഒമ്പത്‌, പത്ത്‌ ക്ലാസുകളിലേക്ക്‌ ചുരുക്കി. ട്രഷറിയിൽനിന്ന്‌ വിദ്യാർഥികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ തുക നൽകുന്നത്‌ മാറ്റി കേന്ദ്രസർക്കാർ പ്ലാറ്റ്ഫോംവഴിയാക്കി.

100 ശതമാനം കേന്ദ്രപദ്ധതിയായിരുന്ന ഒബിസി പോസ്റ്റ്മെട്രിക് സ്‌കോളർഷിപ് 60 ശതമാനമാക്കി. ബാക്കി സംസ്ഥാനം കണ്ടെത്തണം. കോഴ്‌സുകളെ തട്ടുകളാക്കി ഫീസിളവുകളെ തരംതിരിച്ചു.  ഒന്നാം വിഭാഗത്തിൽ 20,000- രൂപയും രണ്ട്‌, മൂന്ന്‌, നാല്‌ വിഭാഗത്തിൽയഥാക്രമം 13,000-, 8000, 5000- എന്ന നിരക്കിലുമാക്കി.  പ്രീമെട്രിക് തലത്തിലെ എല്ലാവർക്കും തുക സംസ്ഥാന ഫണ്ടിൽനിന്ന്‌ അനുവദിക്കാനാണ്‌ ശ്രമം.

പട്ടികജാതി വിദ്യാർഥികളുടെ ഇ-–-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിൽനിന്ന്‌ രണ്ടരലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവരെ കേന്ദ്ര സർക്കാർ ഒഴിവാക്കി. കേന്ദ്ര വകയിരുത്തൽ സംസ്ഥാനത്തിനേക്കാൾ കുറച്ചു. വരുമാനപരിധി പരിഗണിക്കാതെ എല്ലാവർക്കും ഉയർന്ന തുക നൽകുന്നത്‌ സംസ്ഥാന ഫണ്ടിലാണ്‌. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങളാൽ ഏതെങ്കിലും വിഭാഗത്തിന് വിദ്യാഭ്യാസ സ്കോളർഷിപ് നിഷേധിക്കപ്പെട്ടാൽ ബദൽ സംവിധാനം സംസ്ഥാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top