25 April Thursday

ദളിത് വിഭാഗത്തെ ചാതുർവർണ്യത്തിനു കീഴിലാക്കൽ കേന്ദ്ര സർക്കാർ ലക്ഷ്യം: കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
കൊല്ലങ്കോട് > ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന ദളിത് വിഭാഗത്തെ ചാതുർവർണ്യത്തിനു കീഴിൽ കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാൻ ലക്ഷ്യമാക്കുന്നതെന്ന് പട്ടികജാതി–പട്ടികവർഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലങ്കോട് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ രാധാകൃഷ്‌ണൻ.
 
അടിമകളെപ്പോലെ പണിയെടുപ്പിച്ച്‌ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ അവസരംനൽകാതെ ജാതിമത കെട്ടുകളിൽ തളച്ചിടാനല്ലാതെ അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ആദിവാസികൾക്കും പിന്നാക്കക്കാർക്കും സ്വന്തമായി ഭൂമി എന്ന സ്വപ്നം കേരളത്തിൽ മാത്രമായി ഒതുങ്ങിയപ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിതരുടെ കൈവശമുള്ള ഭൂമിപോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. അടിയാള- മേലാള സംസ്കാരം നിലനിർത്തുകയാണ് ബിജെപി ലക്ഷ്യമാക്കുന്നതെങ്കിൽ അടിയാളവ്യവസ്ഥ ഇല്ലാതാക്കലും ദളിതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനവും സമൂഹത്തിൽ അന്തസായ ജീവിതസാഹചര്യം ഉറപ്പാക്കലുമാണ്‌ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഐ എമ്മും ലക്ഷ്യമാക്കുന്നത്. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിലൂടെ കേരളത്തിൽ ജാതിവ്യവസ്ഥ ലഘൂകരിക്കാനും സാമ്പത്തിക അസമത്വം കുറയ്‌ക്കാനും കഴിഞ്ഞതായും കെ രാധാകൃഷ്ണൻ പറഞ്ഞു.
 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. ‘ദളിത് അവകാശ പ്രശ്നങ്ങളും ഭൂഉടമസ്ഥതയും ഇന്ത്യയിലും കേരളത്തിലും’ എന്ന വിഷയത്തിൽ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ രാധിക മാധവൻ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, ഒ ആർ കേളു എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി കെ പ്രേമൻ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എ ദേവീദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top