27 April Saturday

പ്രതിപക്ഷത്തിന്റേത്‌ സഭയ്‌ക്ക്‌ അകത്തും പുറത്തും കലാപം സൃഷ്‌ടിക്കാനുള്ള ശ്രമം: മന്ത്രി കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

തിരുവനന്തപുരം > നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണ്‌ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിച്ചുതന്നെ നിയമസഭ നടത്തുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സ്‌പീക്കറുടെ നേതൃത്വത്തിൽ നടന്ന സംയുക്ത കഷി യോഗത്തിൽ റൂളിങ്ങ്‌ നടത്താമെന്ന തീരുമാനം ഏകകണ്ഠമായി എടുത്തിരുന്നു.എന്നാൽ യോഗശേഷം സഭ കൂടിയപ്പോർ വീണ്ടും പ്രശ്‌നമുണ്ടാക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. അതോടെ സഭാനടപടികൾ നിർത്തിവയ്‌ക്കേണ്ടിവന്നു. സഭാനടപടികൾ നടത്തിക്കൊണ്ടുപോയി തങ്ങൾക്ക്‌ പറയാനുള്ളത്‌ പറയുക എന്നതല്ല പ്രതിപക്ഷ സമീപനം. അവരുടേത്‌ സഭയുടെ അന്തസ്‌ കെടുത്തുന്നതും നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‌ കളങ്കം ചാർത്തുന്നതുമായ നിലപാടാണ്‌. പ്രത്യേകിച്ചും സ്‌പീക്കർക്കെതിരായി വലിയ രീതിയിലുള്ള രോഷപ്രകടനമാണ്‌ പ്രതിപക്ഷം നടത്തുന്നത്‌. കഴിഞ്ഞ നാലുദിവസമായി ഇത്‌ തുടരുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ സഭാസമ്മേളനത്തിന്‌ മുമ്പായി കഷിയോഗം ചേർന്നത്‌. സഭ സുഗമമായി നടക്കണമെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്‌.

ചട്ടം 50 പ്രകാരം അടിയന്തര കാര്യങ്ങൾ ഉന്നയിക്കാനാണ്‌ അടിയന്തിര പ്രമേയ അവതരണ നോട്ടീസ്‌ നൽകുന്നത്‌. ചെറിയ സംഭവങ്ങളിൽ ചട്ടം 50 അവതരിപ്പിക്കാനാകില്ല. ഇത്‌ അനുവദിക്കപ്പെടുന്നതല്ല. അത്രയും ഗൗരവമുള്ള കാര്യമാണോ എന്നും ചട്ടം 50ന്റെ  പരിധിയിൽപെടുന്നതാണോ എന്നൊക്കെ പരിശോധിച്ചുമാത്രമെ അനുമതി നൽകാനാകൂ. എന്നാൽ കഴിഞ്ഞ ഒമ്പതിന് നടന്ന കാര്യമാണ് 15ന് അടിയന്തിര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത്‌.

സ്‌പീക്കറെ പുറത്തുകടക്കാൻ കഴിയാത്ത വിധം തടഞ്ഞപ്പോളാണ്‌ വാച്ച്‌ ആൻഡ്‌ വാർഡ്‌ അദ്ദേഹത്തെ പുറത്തെത്തിക്കാൻ ശ്രമിച്ചത്‌. ആ സാഹചര്യത്തിൽ പ്രതിപക്ഷം അവരെ ആക്രമിക്കുകയായിരുന്നു. പക്ഷേ ഇതിനോട്‌ നൂറോളംവരുന്ന ഭണകഷിയംഗങ്ങൾ സംയമനത്തോടെ പ്രതികരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top