25 April Thursday

ഐപിഎസ് ഓഫീസറുടെ "കള്ളക്കഥ'യുമായി മാധ്യമങ്ങൾ ; ലക്ഷ്യം സർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം
സർക്കാരിനെയും സിപിഐ എമ്മിനെയും വേട്ടയാടാൻ വിരമിച്ച ഐപിഎസ്‌ ഓഫീസറുടെ ‘കദനകഥ മെനഞ്ഞ്‌ ’ മാധ്യമങ്ങൾ. കെഎപിഎ അഞ്ചാംബറ്റാലിയൻ കമാൻഡന്റായി കഴിഞ്ഞ ഏപ്രിൽ വിരമിച്ച കെ രാധാകൃഷ്‌ണൻ സർവീസിലിരിക്കെ നേരിട്ട വകുപ്പ്‌തല നടപടി പൂർത്തിയാകാത്തതിനാൽ പെൻഷൻ വൈകുന്നത്‌ വളച്ചൊടിച്ചാണ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‌.

രണ്ടുതവണ ഇദ്ദേഹം സസ്‌പെൻഷനിലായിരുന്നു. നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയതായി ഹൈക്കോടതിയും കണ്ടെത്തി. ഫസൽ കേസിൽ സിപിഐ എം പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തതിലുള്ള വൈരാഗ്യത്തിലാണ്‌ ആനുകൂല്യം നൽകാത്തതെന്നാണ്‌ കള്ളക്കഥ. എന്നാൽ, ഓരോ തവണ സസ്‌പെൻഡ്‌ ചെയ്‌തതും സസ്‌പെൻഷന്‌ നിർദേശം നൽകിയതും യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌.തൃശൂർ ഒല്ലൂർ സിഐ ആയിരിക്കെ നിരപരാധിയായ ഡേവിസിനെ കള്ളക്കേസിൽ കുടുക്കി. ഹൈക്കോടതി ഉത്തരവിൽ നടത്തിയ പുനരന്വേഷണത്തിൽ ഡേവിസ്‌ നിരപരാധിയെന്ന്‌ കണ്ടെത്തി. കോടതി നിർദേശപ്രകാരം രാധാകൃഷ്‌ണനെതിരെ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച്‌ 26ന്‌ പൊതുഭരണ വകുപ്പ്‌ നോട്ടീസ്‌ നൽകി. തുടർ നടപടികൾ പൂർത്തിയായിട്ടില്ല.

എക്സൈസ് വകുപ്പിൽ അഡീഷണൽ എക്സൈസ് കമീഷണറായിരിക്കെ കുപ്രസിദ്ധ കഞ്ചാവ്‌ മാഫിയ തലവൻ മൂർഖൻ ഷാജിയുമായുള്ള ബന്ധത്തെത്തുടർന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. മയക്കുമരുന്ന് കച്ചവടക്കാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും എക്സൈസ് വകുപ്പ് രജിസ്റ്റർചെയ്ത കേസുകളിൽ അനാവശ്യമായി ഇടപെട്ടെന്നും കണ്ടെത്തി.  സസ്‌പെൻഡ്‌ ചെയ്യാൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഡിജിപി നൽകിയ റിപ്പോർട്ട്‌ പ്രകാരം നടപടിയെടുത്തു. വിശദ അന്വേഷണത്തിന്‌ തൃശൂർ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തി. ഐജിയുടെ റിപ്പോർട്ടിനെ തുടർന്ന്‌ പൊതുഭരണ വകുപ്പ്‌ രാധാകൃഷ്‌ണനിൽനിന്ന്‌ വിശദീകരണം തേടി. പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്‌.

തളിപ്പറമ്പ്‌ ഡിവൈഎസ്‌പിയായിരിക്കെ കൂവോട്ടെ അനാശാസ്യ കേന്ദ്രത്തിൽനിന്ന്‌  നാട്ടുകാർ പിടികൂടിയത്‌ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം വന്നു. കണ്ണൂർ എസ്‌പിയായിരുന്ന മാത്യു പോളി കാർപ്പാണ്‌ രാധാകൃഷ്‌ണനെ അന്ന്‌ കസ്‌റ്റഡിയിലെടുത്തത്‌. തുടർന്ന്‌, സസ്‌പെൻഷനിലായി. എക്‌സൈസ്‌ വകുപ്പിലിരിക്കുമ്പോഴും പരാതികൾ ഉയർന്നു. ഇതെല്ലാം മറച്ചുവച്ചാണ്‌ മാധ്യമങ്ങളുടെ കള്ളക്കഥ.

വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന്‌ പൊലീസ്‌
രാധാകൃഷ്‌ണന്‌ വാഹനാപകടമുണ്ടായതിൽ ദുരൂഹതയില്ലെന്ന്‌ പൊലീസ്‌. വെള്ളി രാവിലെ ഒമ്പതിന്‌ തൃപ്പൂണിത്തുറ എരൂർ ആനപ്പറമ്പിനുസമീപം വീട്ടിൽനിന്നിറങ്ങി റോഡ്‌ മുറിച്ചുകടക്കുന്നതിനിടെയാണ്‌ രാധാകൃഷ്‌ണനെ  സ്‌കൂട്ടർ ഇടിച്ചത്‌. കാലിന്‌ പരിക്കേറ്റ്‌ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. തൃപ്പൂണിത്തുറ സ്വദേശി ബാബുവിന്റെ സ്‌കൂട്ടറാണ്‌ ഇടിച്ചത്‌. അപകടത്തിൽ ബാബുവിനും പരിക്കേറ്റു. അപകടത്തിൽ അസ്വാഭാവികതയില്ലെന്നും മറ്റ്‌ പരാതികളില്ലെന്നും രാധാകൃഷ്‌ണൻ പൊലീസിനോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top