17 April Wednesday

ഇടമലക്കുടിയുടെ വികസന നായകന്‌ മണ്ണിന്റെ മക്കളുടെ സ്വീകരണം

സ്വന്തം ലേഖകൻUpdated: Monday May 29, 2023

ഇടമലക്കുടി> കാടിന്റെ മക്കൾക്ക്‌ ആവോളം സ്‌നേഹം ചൊരിഞ്ഞ്‌, വികസനപദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുന്ന ജനനായകന്‌ ഊരിന്റെ ഊഷ്‌മള വരവേൽപ്പ്‌. ഉൾവനമേഖലയിലേക്ക്‌ പോകാനുള്ള സഞ്ചാരപാതയുടെ നിർമാണ ഉദ്‌ഘാടനത്തിന്‌ തിങ്കളാഴ്‌ച കുടിയിലെത്തിയ മന്ത്രി കെ രാധാകൃഷ്ണനെ ഊരുമൂപ്പൻമാരും ജനപ്രതിനിധികളും അടക്കം ഗോത്രസമൂഹം ആവേശത്തോടെ വരവേറ്റു.

സന്ദർശനം ഇടമലക്കുടിക്ക് പുതിയ പ്രതീക്ഷ പകരുന്നതായി. അങ്കണവാടിയിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച മന്ത്രി കുടിയിൽനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.പെട്ടിമുടി മുതൽ ഇഡ്ഡലിപ്പാറക്കുടി വരെ 7.7 കിമീറ്റർ ദൂരത്തിൽ 13.70 കോടി രൂപ ചെലവഴിച്ചാണ് വനത്തിലൂടെ കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റർ വീതിയിൽ റോഡ് നിർമിക്കുക. തുടർന്ന് സൊസൈറ്റിക്കുടി വരെ 4.75 കി. മീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമാണം.

നിലവിൽ കുടിയിൽനിന്ന് 38 കി. മീറ്റർ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. 2008ൽ സ്പീക്കറായിരിക്കെ കെ രാധാകൃഷ്ണൻ ഇടമലക്കുടി സന്ദർശിച്ചിരുന്നു. തുടർചർച്ചകളുടെ ഫലമായാണ് മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010ൽ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്താക്കി മാറ്റിയത്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  ഉദ്ഘാടനവും കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടിയിൽ നടന്നിരുന്നു.   106 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ 24 കുടികളിലായി മുതുവാൻ വിഭാഗക്കാരായ 806 കുടുംബങ്ങളുണ്ട്‌. ആകെ 2255 പേരുണ്ട്‌.  ഇഡ്ഡലിപ്പാറക്കുടിയിൽ സംഘടിപ്പിച്ച യോഗത്തിൽ അഡ്വ. എ രാജ എംഎൽഎ   അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top