29 March Friday
ഫാം വർക്കേഴ്‌സ് യൂണിയൻ മേഖല സമ്മേളനം

രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: മന്ത്രി കെ രാധാകൃഷ്‌ണന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

മാവേലിക്കര
ബിജെപി ഭരണത്തിൽ രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം വർധിച്ചെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് ഗവ. ഫാം വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കോട്ടയം, കൊല്ലം, -പത്തനംതിട്ട,- ആലപ്പുഴ മേഖലാ കൺവൻഷൻ എം മഞ്‌ജുനഗറിൽ (മാങ്കാംകുഴി മാസ് ഓഡിറ്റോറിയം) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രരുടെ കാര്യത്തിൽ ഒന്നാംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനാണ്. ഇവിടെ 52 ശതമാനം അതിദരിദ്രരാണ്. കേരളത്തിൽ അത് 0.7 ശതമാനം മാത്രം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  മാന്യമായ കൂലിപോലും കിട്ടുന്നില്ല.

  മറ്റിടങ്ങളിൽ അസമത്വം വർധിക്കുമ്പോൾ കേരളത്തിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കുറയ്‌ക്കുകയാണ് ഇടത് സർക്കാർ. ഏറെ വൈകാതെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളംമാറും. കേന്ദ്രം തരേണ്ട വിഹിതം ഘട്ടംഘട്ടമായി കുറയ്‌ക്കുകയാണ്. പ്രതിസന്ധിക്കിടയിലും പിണറായി സർക്കാർ ബദൽ മാർഗങ്ങൾ സ്വീകരിച്ച് വികസനം നടപ്പാക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കേരളത്തിന്റെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഫാം തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കി ഉടൻ ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

  ബി സുരേന്ദ്രൻ അധ്യക്ഷനായി.  എ എ ഹക്കീം സംഘടന റിപ്പോർട്ടും സദാനന്ദ ശങ്കർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം  ഏരിയ സെക്രട്ടറി കെ മധുസൂദനൻ, എം എസ് അരുൺകുമാർ എംഎൽഎ, ടി പി ഗോപാലൻ, ആർ ഷനൂന്ദ്രൻ, സുരേന്ദ്രൻപിള്ള, മഹേഷ് എന്നിവർ സംസാരിച്ചു. ടി യശോധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബി സുരേന്ദ്രൻ (പ്രസിഡന്റ്). സദാനന്ദ ശങ്കർ (സെക്രട്ടറി). ആർ ഷനൂന്ദ്രൻ (ട്രഷറർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top