തിരുവനന്തപുരം
രാജ്യത്ത് ദിനംപ്രതി വർധിക്കുന്ന ദളിത്‌വേട്ടയാണ് അയിത്തം സംബന്ധിച്ച തന്റെ അനുഭവം പൊതുവേദിയിൽ പറയാൻ കാരണമായതെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. പൊതുസമൂഹം ജാഗ്രതയോടെ നിന്നില്ലെങ്കിൽ കാലങ്ങൾക്കുമുമ്പുണ്ടായിരുന്ന ജാതിവ്യവസ്ഥ തിരികെവരും. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ആദ്യമായല്ല ക്ഷേത്രത്തിൽ പോകുന്നത്. അവിടെയൊന്നും ഇത്തരം അനുഭവമുണ്ടായിട്ടില്ല. ചടങ്ങ് നടന്നത് ക്ഷേത്രത്തിനുള്ളിനല്ല. പുറത്ത് പൊതുജനമധ്യത്തിലായിരുന്നു പൂജാരിയുടെ നടപടി. യോഗക്ഷേമസഭയും തന്ത്രി സമാജവും അവരുടെ ന്യായം പറയുന്നതുപോലെ തനിക്കും സംസാരിക്കാൻ അവകാശമുണ്ട്. ദേവപൂജ കഴിയുന്നതുവരെ പൂജാരിക്ക് ആരെയും തൊടാനാകില്ല എന്നാണ് തന്ത്രിസമാജത്തിന്റെ വാദം. അങ്ങനെയെങ്കിൽ പൂജയ്ക്കിടെ ക്ഷേത്രത്തിന് പുറത്തിറങ്ങാനും ശേഷം അകത്ത് കയറാനും കഴിയുമോ എന്നും അവർ വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം അയിത്താചാരങ്ങൾ ഇനിയും ഇവിടെ നടക്കില്ലെന്ന് പറയാൻ തനിക്ക് അവകാശമുണ്ട്. ഇതാണ് ജനാധിപത്യം. അതുകൊണ്ടാണ് ആ വേദിയിൽ വച്ചുതന്നെ വിഷയം ചൂണ്ടികാണിച്ചത്. അന്ന് അത് താൽപ്പര്യമുള്ളവർക്ക് ചർച്ചയാക്കാമായിരുന്നു. മാസങ്ങൾക്ക് ശേഷം അഭിപ്രായം പറഞ്ഞതിൽ ഒരു ദുഷ്ടലാക്കുമില്ല. അന്നേ ദിവസം രാവിലെ രാജ്യത്ത് അരങ്ങേറിയ ദളിത്‌വേട്ട സംബന്ധിച്ച വാർത്ത വായിച്ചു. യുപിയിൽ ദളിത് യുവാവിന്റെ നഖം പിഴുതെടുത്ത് നായകളുടെ ആക്രമണത്തിന് ഇരയാക്കി കൊന്നതായിരുന്നു ഒരു വാർത്ത. തുടർന്നാണ് ചടങ്ങിൽ സ്വന്തം അനുഭവം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..