25 April Thursday

കോണ്‍ഗ്രസിന്റെ മുഖമുദ്ര കമ്യൂണിസ്റ്റ് വിരോധം; മതനിരപേക്ഷത തകര്‍ക്കപ്പെടുമ്പോള്‍ കാഴ്ചക്കാരന്റെ റോള്‍മാത്രം: കെ പി അനില്‍കുമാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

കോഴിക്കോട് > രാജ്യത്തിന്റെ മതനിരപേക്ഷത സംഘപരിവാര്‍ തകര്‍ക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ട നിസഹായവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍. കാഴ്ചക്കാരന്റെ റോള്‍മാത്രമാണ് പാര്‍ടിക്ക്‌. കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ പല ആളുകളും ശ്രമിച്ചു. പക്ഷേ അഭിപ്രായം പറയുന്നവരെ ഒതുക്കുകയോ പുറത്താക്കുകയോ ആണ് രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തിലെ നേതാക്കളും എല്ലാം ചെയ്യുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ വരെ പരിചിതമായതില്‍നിന്നും വ്യത്യസ്തമായാണ് അനുഭവമാണ് ഇപ്പോള്‍. കമ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. കമ്യൂണിസ്റ്റ് പാര്‍ടി എന്നത് ഏറ്റവും മോശമാണെന്നാണ് പറഞ്ഞുകേട്ടതും പഠിച്ചതും. എന്നാല്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് സിപിഐ എമ്മിന്റെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍നിന്നും ഉണ്ടായത്. ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും പ്രതീകങ്ങളാണ് സിപിഐ എമ്മിലെ ഓരോ പ്രവര്‍ത്തകരും. മറിച്ച് കോണ്‍ഗ്രസില്‍ പുറകെനിന്ന് കുത്തുന്നവരെ കരുതിയിരിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.

എകെജി സെന്ററിന്റെ മുന്‍പില്‍ യാചിച്ച് നിന്നവരാണ് ഇപ്പോള്‍ തന്നെ മാലിന്യമെന്ന് വിളിക്കുന്നത്. ഇന്നലെകള്‍ ആരും മറന്നിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തപ്പോള്‍ പയ്യാമ്പലം ബീച്ച് മലിനമായി എന്ന് പറഞ്ഞയാളാണ് കെ സുധാകരന്‍. അച്ചടക്കത്തെക്കുറിച്ച് പറയാന്‍ കെ മുരളീധരനെന്താണ് അര്‍ഹത. കോണ്‍ഗ്രസ് പ്രസിഡന്റിനെ മദാമ്മയെന്നും, അഹമ്മദ് പട്ടേലിനെ അലുമിനിയമെന്നും, എ കെ ആന്റണിയെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞ മുരളീധരനാണോ എന്നെ അച്ചടക്കം പഠിപ്പിക്കുന്നത്- അനില്‍കുമാര്‍ ചോദിച്ചു.

വേണ്ടിവന്നാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് സുധാകരന്‍. ആ സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോള്‍ ആ പാര്‍ടിയെ ഇവിടുത്തെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കും. കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചത് സിപിഐ എമ്മിനൊപ്പമാണ്. അത് എന്റെ മതേതരത്വമാണ്.

ഇനിയും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍നിന്ന് ഇറങ്ങിവരും. അവരാരും അധികാരം തേടി എത്തുന്നവരാകില്ല. സിപിഐ എമ്മിന്റെ നിലപാടുകളോടും നയങ്ങളോടും യോജിപ്പുള്ളതുകൊണ്ടാണ് 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഈ പാര്‍ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പാര്‍ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്വവും സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top