23 April Tuesday

പാഠ്യപദ്ധതി പരിഷ്‌കരണം 
നല്ല ഭാവിക്കുള്ള ചുവടുവയ്‌പ്‌ : കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


തിരുവനന്തപുരം
കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്‌പാണ്‌ പാഠ്യപദ്ധതി പരിഷ്‌കരണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രീപ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ നടപടിക്ക്‌ തുടക്കമിട്ടുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചയും മികച്ച ആശയവും രൂപപ്പെടണം. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തുണ്ടായ ഭൗതിക വളർച്ചയ്ക്കൊപ്പം അക്കാദമിക നിലവാരം മുന്നേറണമെന്നും മന്ത്രി വ്യക്തമാക്കി.

ഉള്ളടക്കത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തിയാണ്‌ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്ന്‌ അധ്യക്ഷനായ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മതേതരത്വം, സമഭാവന തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായതും കുട്ടികളിൽ സർഗാത്മകത, വിമർശന ചിന്ത എന്നിവയ്ക്ക്‌ വഴിയൊരുക്കുന്നതുമായ വിദ്യാഭ്യാസരീതിയാണ്‌ രൂപപ്പെടേണ്ടത്. സ്‌കൂൾ കാലഘട്ടത്തിൽ ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ വളർത്തിയെടുക്കാനാകണം. നവകേരള സൃഷ്ടിക്ക് ഉതകുന്ന സമഗ്ര മാറ്റം ഉൾക്കൊള്ളുന്നതാകണം പരിഷ്‌കരിച്ച പാഠ്യപദ്ധതിയെന്നും മന്ത്രി പറഞ്ഞു. 

2007നുശേഷം സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ തുടക്കമിടുകയാണ്. സ്റ്റിയറിങ് കമ്മിറ്റി, കോർ കമ്മിറ്റി എന്നിങ്ങനെ പ്രത്യേക സമിതികൾ ചേർന്നാണ് വിഷയം ചർച്ച ചെയ്യുന്നത്. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി കെ  ജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു.  പാഠ്യപദ്ധതി പരിഷ്‌കരണ രൂപരേഖാ സ്റ്റിയറിങ് കമ്മിറ്റി, കോർ കമ്മിറ്റി  സംയുക്ത യോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

എസ്‌സിഇആർടി ഡയറക്ടർ ആർ കെ  ജയപ്രകാശ് പാഠ്യപദ്ധതി പരിഷ്‌കരണ രൂപരേഖ അവതരിപ്പിച്ചു.  എസ്‌സിഇആർടി കരിക്കുലം മേധാവി ചിത്ര മാധവൻ ചർച്ച ക്രോഡീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top