24 April Wednesday

കിഫ്ബി പദ്ധതികൾ ബജറ്റിൽ പരിഗണിക്കില്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ

സ്വന്തം ലേഖകൻUpdated: Tuesday Jan 17, 2023

തിരുവനന്തപുരം> കിഫ്‌ബി പദ്ധതി നിർദേശങ്ങൾ ബജറ്റ്‌ തയ്യാറാക്കുമ്പോൾ പരിഗണിക്കാറില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ നിർദേശിക്കാനായി എംഎൽഎമാർക്ക്‌ അയക്കുന്ന കത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. മുൻവർഷങ്ങളിലും ഇതേ നിർദേശം നൽകിയിട്ടണ്ട്‌. ബജറ്റിലേക്കുള്ള നിർദേശങ്ങൾ ആവശ്യപ്പെടുമ്പോൾ കിഫ്‌ബിയിലേക്കുള്ള പദ്ധതികൾ എംഎൽഎമാർ ഒഴിവാക്കുന്നത്‌ തടയാനാണ്‌ ഇത്തരമൊരു കത്ത്‌ നൽകുന്നതെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി.

എംഎൽഎമാർക്ക്‌ അയച്ച കത്തിന്റെ പേരിൽ  കിഫ്‌ബി കുഴപ്പത്തിൽ എന്ന്‌ പ്രചരിപ്പിക്കുന്നത്‌ ശരിയല്ല. കിഫ്‌ബിയ്‌ക്ക്‌ ആവശ്യമായ ഫണ്ട്‌ ഉറപ്പാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ഒന്നരവർഷം ഏതാണ്ട്‌ 18,000 കോടി രൂപയുടെ ബില്ലുകൾ കിഫ്‌ബിയിൽ പാസാക്കിയിട്ടുണ്ട്‌. കൃത്യമായ പദ്ധതി പുരോഗതിയുമുണ്ട്‌. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല. എന്നാൽ, കിഫ്‌ബി സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തി, കടമെടുക്കുന്നത്‌ വൻതോതിൽ വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം സംസ്ഥാനത്തെ ഗൗരവമായി ബാധിക്കും. ഈ നിലപാട്‌ അധികകാലം കേന്ദ്രത്തിന്‌ തുടരാനാകില്ലെന്നാണ്‌ പ്രതീക്ഷ.

സംസ്ഥാനങ്ങൾക്കുമാത്രമല്ല, കേന്ദ്ര സർക്കാരിനും ഇത്തരം സംവിധാനങ്ങളിലൂടെമാത്രമേ വികസനത്തിന്‌ ധനസ്രോതസുകൾ കണ്ടെത്താൻ കഴിയൂവെന്നതാണ്‌ സ്ഥിതി. സംസ്ഥാനത്തിന്‌ സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും വികസന, ക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നിലയിലുള്ള പ്രതിസന്ധിയില്ല. കേരള സമ്പദ്‌ഘടന വളർച്ചയിലാണ്‌. അഭ്യന്തര മൊത്ത ഉൽപാദന വളർച്ച നിലവിലെ വിലയിൽ 17 ശതമാനമാണ്‌. ഇത്‌ വലിയ വളർച്ചാ നിരക്കാണ്‌. ആളോഹരി വരുമാനം ഏതാണ്ട്‌ മുന്നുലക്ഷം രൂപയും. രാജ്യത്തിന്റെ ശരാശരി ഇതിന്റെ പകുതിയാണ്‌. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ പല വികസന സൂചകങ്ങളിലും രാജ്യത്ത്‌ കേരളം മുന്നിലാണ്‌. ഇതിന്റെ പേരിൽ സംസ്ഥാനത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ അവകാശപ്പെട്ടത്‌ ചോദിക്കരുതെന്ന്‌ പറയുന്നത്‌ അംഗീകരിക്കാനാകില്ല. ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിമാത്രമേ അർഹതപ്പെട്ടത്‌ നേടിയെടുക്കാനാകൂ.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ വർധനയുണ്ട്‌. കഴിഞ്ഞവർഷം 13,000 കോടി രൂപ വർധിച്ചു. ഈവർഷം കുറഞ്ഞത്‌ 10,000 കോടി രൂപയുടെയെങ്കിലും അധിക വരുമാനമുണ്ടാകും. മുന്നു പതിറ്റാണ്ടിലേറെയായി നികുതി മാറ്റമില്ലാത്ത ചില വകുപ്പുകളും സേവനങ്ങളുമുണ്ട്‌. അവയിൽ കലോചിതമായ നിരക്ക്‌ പരിഷ്‌കരണം ആവശ്യമാണെന്നും ചോദ്യങ്ങൾക്ക്‌ ധനമന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top