09 December Saturday

കേന്ദ്ര സാമ്പത്തിക ഉപരോധം ; പ്രതിപക്ഷത്തിന്റേത്‌ കേരളവിരുദ്ധ സമീപനം : ധനമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Sep 13, 2023


തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ  സാമ്പത്തിക ഉപരോധമടക്കം ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രതിപക്ഷം സ്വീകരിക്കുന്നത്‌ കേരളവിരുദ്ധ സമീപനമാണെന്ന്‌  ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക ശ്വാസംമുട്ടലിന്റെ യഥാർഥ കാരണങ്ങളിലേക്ക്‌ കടന്നുചെല്ലാനും ചൂണ്ടിക്കാട്ടാനും പക്വതയാർന്ന സമീപനം എല്ലാ രാഷ്‌ട്രീയകക്ഷി നേതാക്കളും സ്വീകരിക്കണം. എന്നാൽ, ഇതിനു വിരുദ്ധമായി ഇരുട്ടുകൊണ്ട്‌ ഓട്ട അടയ്‌ക്കുന്ന നിലയിലുള്ള പ്രചാരണമാണ്‌ ഇക്കൂട്ടർ സ്വീകരിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പ്രശ്‌നങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കാൻ ഇവിടെനിന്നുള്ള എംപിമാർ ഒരുമിച്ചുപോകാൻ തീരുമാനിച്ചു. ഇതിൽനിന്നാണ്‌ യുഡിഎഫ്‌ എംപിമാർ ഒളിച്ചോടിയത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഇത്തരം പ്രശ്‌നങ്ങളിൽ യുഡിഎഫ്‌ എംപിമാർക്കൊപ്പം ചേരാൻ എൽഡിഎഫ്‌ എംപിമാർ മടികാണിച്ചിരുന്നില്ല. കൊച്ചി മെട്രോ, പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിക്കാൻ പ്ലക്കാർഡുമുയർത്തി എൽഡിഎഫ്‌ എംപിമാർതന്നെ മുന്നിൽനിന്നു. ഇപ്പോൾ അതല്ല സ്ഥിതി. പാർലമെന്റിൽ കോൺഗ്രസ്‌ എംപി ബെന്നി ബഹനാന്‌ ലഭിച്ച പരിമിതമായ സമയം ആലുവ പൊലീസ്‌ പ്രാദേശിക വിഷയത്തിലെടുത്ത കേസിനെക്കുറിച്ച്‌ സംസാരിക്കാനാണ്‌ വിനിയോഗിച്ചത്‌. ഐജിഎസ്‌ടിയിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടെന്ന്‌ വരുത്തിത്തീർക്കാൻ കൊല്ലം എംപി സമയം വിനിയോഗിച്ചു. ഇതേ ആക്ഷേപം പിന്നീട്‌ കേന്ദ്ര ധനമന്ത്രി കേരളത്തിൽ വന്ന്‌ ഉന്നയിച്ചു.

എല്ലാക്കാലത്തും കേരളത്തിന്റെ പൊതുകാര്യങ്ങൾക്കായി ഒരുമയുടെ നിലപാടാണ്‌ എൽഡിഎഫ്‌ എംപിമാർ സ്വീകരിച്ചിട്ടുള്ളത്‌. ഇതിനു വിരുദ്ധമായ നിലപാട്‌ സ്വീകരിക്കുന്ന യുഡിഎഫ്‌ എംപിമാർ കേരളത്തിലെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്‌–- ധനമന്ത്രി പറഞ്ഞു.

അവശ്യച്ചെലവുകളിൽ 
കുറവ്‌ വരുത്തില്ല
എത്ര സാമ്പത്തിക പ്രയാസമുണ്ടായായും അവശ്യച്ചെലവുകളിൽ ഒരു കുറവും വരുത്തില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ, റവന്യുച്ചെലവിൽ ആവശ്യമായ നിയന്ത്രണങ്ങളുമുണ്ടാകുമെന്നും നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക്‌ മന്ത്രി മറുപടി നൽകി.   കഴിഞ്ഞ മാർച്ചിൽ ട്രഷറി പൂട്ടുമെന്ന്‌ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം പ്രചരിപ്പിച്ചു. ട്രഷറി പൂട്ടിയതുമില്ല, 22,000 കോടി ആ മാസം ചെലവിടുകയും ചെയ്‌തു. ഇത്തവണ ഓണച്ചന്തയില്ലെന്നും ഓണാഘോഷത്തിന്റെ നിറം മങ്ങുമെന്നുമായി പ്രചാരണം. 18,000 കോടിയാണ്‌ ഓണക്കാലത്തെ സർക്കാർ ചെലവ്‌. 400 കോടിയിൽപ്പരം രൂപ വിപണി ഇടപെടലിനുമാത്രമായി നീക്കിവച്ചു. ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ വിലക്കയറ്റ നിരക്കുള്ള സംസ്ഥാനമായി കേരളം മാറി.

വരുമാന വർധനയിൽ ചരിത്ര നേട്ടമാണ്‌ മുൻവർഷങ്ങളിലുള്ളത്‌. കട ബാധ്യതയും കമ്മിയും കുറയുന്നു. തനത്‌ നികുതി വർധനയുടെ കാര്യത്തിൽ സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്തെത്താനായി. കഴിഞ്ഞവർഷം 23.4 ശതമാനമാണ്‌ വരുമാന വളർച്ച. നികുതി വരുമാനത്തിൽ 51 ശതമാനം വർധനയുണ്ട്‌. വരുമാനം 71,900 കോടിയായി ഉയർന്നു. സംസ്ഥാനം ധനദൃഢീകരണത്തിനായി സ്വീകരിക്കുന്ന നടപടികൾ വിജയിക്കുന്നതായി ആർബിഐ അടക്കം വ്യക്തമാക്കുന്നു.

എന്നാൽ, കേന്ദ്ര വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ശ്വാസം മുട്ടലിന്റെ കാരണങ്ങൾ കാണാതെ മുന്നോട്ടുപോകാനാകില്ല. സംസ്ഥാനത്തിന്റെ നികുതി വിഹിതം ഗണ്യമായി കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം നിരാകരിച്ചു. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചു. 1977ലെ ജനസംഖ്യാ കണക്കിനനുസരിച്ചാണ്‌ കേന്ദ്ര നികുതി വിഹിതം നിശ്ചയിച്ചിരുന്നത്‌. 15–-ാം ധന കമീഷൻ ഇത്‌ 2011ലെ ജനസംഖ്യാ കണക്കിന്‌ ആനുപാതികമാക്കിയതോടെ 3.5 ശതമാനമെന്ന നികുതി വിഹിതം 1.925 ശതമാനമായി താഴ്‌ന്നു. ഇതിന്റെ തിക്തഫലം കൂടുതൽ അനുഭവിക്കേണ്ടത്‌ ഈവർഷവും അടുത്തവർഷവുമാണ്‌. ഇതിനൊപ്പമാണ്‌ ട്രഷറിയിലെ പൊതുകടത്തിന്റെയും മറ്റും പേരിൽ കടമെടുപ്പ്‌ പരിധിയിൽ 13,000 കോടിയാളം രൂപ ഈ വർഷം നിഷേധിക്കുന്നത്‌. ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു ശതമാനം കടമെടുപ്പിനുകൂടി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top