14 April Sunday
പ്രതിപക്ഷം കാടുകാണാതെ 
മരം കാണുന്നു

കേരളം കടക്കെണിയിലല്ല ; സ്വാശ്രയത്വം നേടും ; കേരളം 
കട്ടപ്പുറത്താകണമെന്ന 
ചിലരുടെ സ്വപ്‌നമാണ്‌ 
കട്ടപ്പുറത്താകുക

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023


തിരുവനന്തപുരം
കേരളത്തെ സ്വാശ്രയ സാമ്പത്തികശക്തിയാക്കി മാറ്റുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. അതിനുള്ള ചാലകശക്തിയായി ചരിത്രം ഈ ബജറ്റിനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും അടയാളപ്പെടുത്തും. പ്രതിസന്ധികളെ ചെറുത്തുതോൽപ്പിച്ച്‌ നവകേരളത്തിന്റെ സൃഷ്ടിക്കായി മുന്നോട്ടുപോകുമെന്നും നിയമസഭയിൽ ബജറ്റ്‌ ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ ക്ഷേമപെൻഷൻ നിർത്തണോ, വികസനം മുടക്കണോ എന്നതാണ്‌ ചോദ്യം. 11,000 കോടിയാണ്‌ ക്ഷേമപെൻഷന്‌ ആവശ്യം. സംസ്ഥാനത്ത്‌ ആകെയുള്ളത്‌ 85 ലക്ഷം കുടുംബമാണ്‌. അതിൽ 62 ലക്ഷത്തിലധികം പേർക്ക്‌ നൽകുന്ന പെൻഷൻ ഇല്ലാതാക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല.


 

ഇന്ധന സെസായി രണ്ടുരൂപ ശേഖരിക്കുമ്പോൾ ലഭിക്കുന്നത്‌ 750 കോടിയാണ്‌. എന്നാൽ, 20 രൂപവീതം വർഷം 7500 കോടി കേന്ദ്രം എത്രയോ വർഷമായി കേരളത്തിൽനിന്ന്‌ പിരിക്കുന്നു. മദ്യനികുതിയിൽ വർധിപ്പിച്ച തുകയും ഇന്ധന സെസും സോഷ്യൽ സെക്യൂരിറ്റി സീഡ്‌ ഫണ്ടിലേക്കാണ്‌ പോകുക. മദ്യത്തിന്‌ രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ല. 1000 രൂപയ്‌ക്കു താഴെയുള്ള മദ്യത്തിന്‌ 20ഉം 1000നു മുകളിലുള്ളതിന്‌ 40 രൂപയുമാണ്‌ വർധിപ്പിച്ചത്‌.
കേന്ദ്ര ബജറ്റിൽ ചെയ്‌തതുപോലെ ഒരു മേഖലയ്‌ക്കുള്ള വിഹിതവും കേരളം കുറച്ചിട്ടില്ല. പഞ്ചായത്തുകൾക്കുള്ള വിഹിതം 26.5ൽനിന്ന്‌ 27 ശതമാനമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ടിൽ കുറവു വന്നിട്ടില്ല. നികുതിപിരിവിൽ വീഴ്‌ചയെന്ന ആരോപണം ശരിയല്ല. കഴിഞ്ഞ രണ്ടുവർഷം 27,000 കോടി രൂപ അധികമായി പിരിച്ചു. ജിഎസ്‌ടിയിൽ 25 ശതമാനവും വാറ്റിൽ 20 ശതമാനവും വർധനയുണ്ടായി. ധനകമ്മി 3.91ൽ നിന്ന്‌ 3.61 ലേക്ക്‌ താണു. അടുത്ത വർഷം 3.51 ആകും. തനതു നികുതിവരുമാനം 47,660 കോടിയിൽനിന്ന്‌ 2021–-22ൽ 58,340 കോടിയായി. ഈ വർഷം 70,188 കോടിയാകും. കേരളം കടക്കെണിയിലല്ല. കേരളം കട്ടപ്പുറത്താകണമെന്ന ചിലരുടെ സ്വപ്‌നമാണ്‌ കട്ടപ്പുറത്താകുകയെന്നും അദ്ദേഹം പറഞ്ഞു.

ഭൂകമ്പ ദുരിത
ബാധിതർക്ക്‌ കേരളം 
10 കോടി നൽകും
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സഹജീവികളെ ചേർത്തുപിടിച്ച്‌ കേരളം. തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ സർവവും നഷ്ടമായവർക്ക്‌ കേരളം 10 കോടി രൂപ നൽകും. ബജറ്റ്‌ ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ്‌ നിയമസഭയെ ഇക്കാര്യം അറിയിച്ചത്‌.

പ്രതിപക്ഷം കാടുകാണാതെ 
മരം കാണുന്നു: മന്ത്രി ബാലഗോപാൽ
ലോകവും രാജ്യവും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിയാതെ കാടു കാണാതെ മരം കാണുന്ന നിലയാണ്‌ പ്രതിപക്ഷത്തിനെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്ന വ്യത്യസ്‌ത സാമ്പത്തിക ശൈലയിയെക്കുറിച്ചെങ്കിലും പറയുമെന്ന്‌ കരുതി. ഇന്ധന സെസ് ഒരു രൂപ കുറയ്‌ക്കുമെന്ന്‌ ചില പത്രങ്ങൾ എഴുതി. അങ്ങനെയുണ്ടായാൽ തങ്ങളുടെ കഴിവെന്ന്‌ മേനിനടിക്കാൻ സമരത്തിന്‌ ഇറങ്ങുന്നതിലേക്ക്‌ പ്രതിപക്ഷം ഒതുങ്ങിയെന്നും ബജറ്റ്‌ ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്കുള്ള എല്ലാ ആനുകൂല്യവും വെട്ടിക്കുറച്ചു. തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷയ്‌ക്കുമുള്ള വിഹിതത്തിൽ വലിയ കുറവുണ്ടായി. വളം, പെട്രോൾ സബ്‌സിഡി വെട്ടിക്കുറച്ചു. രണ്ടു വർഷത്തിനുള്ളിൽ 2.5 ലക്ഷം കോടി രൂപയുടെ ഇളവാണ്‌ കോർപറേറ്റുകൾക്ക്‌ നൽകിയത്‌.  പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിൽപ്പനയ്‌ക്കുവച്ചപ്പോൾ കേരളം ഏറ്റെടുത്തു. ഇത്തരത്തിൽ ഏറ്റെടുത്ത കെപിപിഎല്ലിൽനിന്നുള്ള പേപ്പറിൽ പത്രങ്ങൾ അച്ചടിച്ചിറങ്ങുന്നു.

ഗുജറാത്തിൽവർഷം 968 നിയമനങ്ങൾ പിഎസ്‌സിവഴി നടക്കുമ്പോൾ കേരളത്തിൽ 33,396 ആണ്‌. ഒന്നാം പിണറായി സർക്കാർ 1.61 ലക്ഷം പേരെയാണ്‌ നിയമിച്ചത്‌. 37,840 തസ്‌തിക സൃഷ്ടിച്ചു. ഈ സർക്കാർ ഇതുവരെ 37,340 നിയമനം നടത്തി. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കെല്ലാം ബജറ്റ്‌ വിഹിതം വർധിപ്പിച്ചു. ഭാവിയെ നോക്കുന്ന ബജറ്റാണ്‌ ഇതെന്നാണ്‌  പ്രമുഖർ പറഞ്ഞത്‌. ഭാവിയിലെ ഏറ്റവും പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. ലക്ഷക്കണക്കിനു പേർക്ക്‌ തൊഴിൽ ലഭിക്കും. സഹകരണ മേഖലയെ ഉപയോഗപ്പെടുത്തി വികസനം കൊണ്ടുവരും. ക്ലിഫ്‌ ഹൗസിൽ തൊഴുത്തുനിർമിക്കാൻ 42 ലക്ഷം ചെലവഴിച്ചെന്നത്‌ നുണപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിക്കു പിന്നാലെ ഇന്ധന സെസ്‌ പിൻവലിക്കാത്തതിൽ പ്രതിഷേധിക്കുന്നതായി അറിയിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top