18 April Thursday

ഖാദറിന്റെ ആർഎസ്‌എസ്‌ പ്രേമം പിന്തുണച്ച്‌ സംസ്ഥാന സെക്രട്ടറി: ലീഗിൽ വിവാദം പുകയുന്നു

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

മലപ്പുറം> കെ എൻ എ ഖാദർ ആർഎസ്‌എസ്‌ വേദി പങ്കിട്ട വിഷയത്തിൽ ലീഗിൽ വിവാദം പുകയുന്നു. ഖാദറിനെ പിന്തുണച്ച്‌ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ലീഗിലെ അഭിപ്രായ ഭിന്നത മറനീക്കി. ഖാദറിനോട്‌ വിശദീകരണം ചോദിച്ചത്‌ തെറ്റാണെന്നാണ്‌ ഷാഫിയുടെ പരാമർശം. വിശദീകരണം ചോദിച്ച സാദിഖലി ശിഹാബ്‌ തങ്ങളെ കുറ്റപ്പെടുത്തുന്നതാണ്‌ ഷാഫിയുടെ നിലപാട്‌. അതിനിടെ, ശനിയാഴ്‌ച രാവിലെ പ്രധാന നേതാക്കൾ പാണക്കാട്‌ രഹസ്യയോഗം ചേർന്നു. സൗഹൃദസദസിന്റെ റിവ്യൂ നടത്താനാണ്‌ യോഗംചേർന്നതെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ഖാദർ വിഷയവും ചർച്ചയായി. ലീഗ്‌ നേതൃയോഗം അടുത്ത ദിവസം ചേരില്ലെന്നും ഉറപ്പായി.

ആർഎസ്‌എസ്‌ മുഖപത്രം കേസരി കോഴിക്കോട്ട്‌ സംഘടിപ്പിച്ച പരിപാടിയിലാണ്‌ കെ എൻ എ ഖാദർ പങ്കെടുത്തത്‌. സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീർ ഉൾപ്പെടെ ഒരുവിഭാഗം ഖാദറിനെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ടതോടെ സാദിഖലി തങ്ങൾ ഖാദറിൽനിന്ന്‌ വിശദീകരണം തേടി.  കഴിഞ്ഞ ദിവസം ഖാദർ മറുപടിയും നൽകി. ഇതിനു പിന്നാലെയാണ്‌ ഷാഫി ചാലിയം ഖാദറിനെ പിന്തുണച്ചും നേതൃത്വത്തെ കുറ്റപ്പെടുത്തിയും രംഗത്തുവന്നത്‌.

ഖാദറിന്റെ ഭാഗത്ത്‌ തെറ്റില്ലെന്നും അദ്ദേഹത്തെ മനസിലാക്കാത്തത്‌ ലീഗ്‌ മാത്രമാണെന്നും ശബ്ദരേഖയിലുണ്ട്‌. പാർടി ഖാദറിനെ ഒതുക്കുകയാണ്‌. അദ്ദേഹം ബിജെപിയിൽ പോയാൽ ഗവർണറോ, മറ്റ്‌ കാബിനറ്റ്‌ പദവിയിലോ എത്തുമെന്നും ഷാഫി നേതൃത്വത്തിന്‌ മുന്നറിയിപ്പ്‌ നൽകുന്നു. അതിനിടെയാണ്‌ ശനിയാഴ്‌ച രാവിലെ നേതാക്കൾ പാണക്കാട്‌ സാദിഖലിയുടെ വീട്ടിൽ യോഗംചേർന്നത്‌. പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവർ പങ്കെടുത്തു. ഖാദറിന്റെ മറുപടി ചർച്ചചെയ്‌ത നേതാക്കൾ സംഭവം തണുപ്പിക്കാനുള്ള ശ്രമത്തിലാണ്‌. അതുകൊണ്ടുതന്നെ തിരക്കിട്ട്‌ പ്രവർത്തക സമിതി യോഗം ചേരേണ്ടതില്ലെന്നാണ്‌ ധാരണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top