20 April Saturday
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു

സുധാകരന്റെ ഖേദപ്രകടനം കൊണ്ടായില്ല, ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ വേണം: കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം  
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ആർഎസ്‌എസ്‌ അനുകൂല പ്രസ്താവനകൾ കോൺഗ്രസിനെ മാത്രമല്ല, ഘടകകക്ഷികളെയും ദോഷകരമായി ബാധിച്ചെന്ന്‌ കെ മുരളീധരൻ.

ശാഖയ്ക്ക്‌ സംരക്ഷണം നൽകിയെന്നും ജവാഹർലാൽ നെഹ്‌റു ആർഎസ്‌എസുമായി സന്ധിയുണ്ടാക്കിയെന്നുമുള്ള സുധാകരന്റെ പ്രസ്‌താവനകൾ തിരുത്തിയതുകൊണ്ടായില്ല. സുധാകരൻതന്നെ മുൻകൈയെടുത്ത്‌ ഘടകകക്ഷികളുമായി ചർച്ച നടത്തി പരിഹരിക്കണം. അടുത്തദിവസം ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി ഇക്കാര്യം ചർച്ചചെയ്യും. കോൺഗ്രസിനോടുള്ള ജനങ്ങളുടെ മതിപ്പിൽ കോട്ടംതട്ടി. മുസ്ലിംലീഗടക്കം പലർക്കും വലിയ പ്രയാസമുണ്ടാക്കി.

നെഹ്‌റു ആർഎസ്‌എസുമായി സന്ധിയുണ്ടാക്കിയെന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും. കോൺഗ്രസുകാരടക്കം ഏവരെയും അത്‌ വേദനിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽ എല്ലാ രാഷ്‌ട്രീയക്കാരെയും ചേർക്കാൻ തീരുമാനിച്ചതുകൊണ്ടാണ്‌ ശ്യാമപ്രസാദ്‌ മുഖർജി മന്ത്രിയായത്‌.

വർഗീയവാദിയാണെന്നു കണ്ട്‌ നെഹ്‌റുതന്നെ മുഖർജിയെ പുറത്താക്കി. ഇതൊക്കെയാണ്‌ ചരിത്രം. ബിജെപിക്കെതിരെ ഭാരത്‌ ജോഡോ യാത്ര നടത്തുമ്പോൾ കെപിസിസി അധ്യക്ഷനിൽനിന്ന്‌ ഇത്തരം പ്രസ്താവനകൾ വന്നത്‌ വലിയ ക്ഷീണം തന്നെയാണ്‌. ആർഎസ്‌എസ്‌ ശാഖ സംരക്ഷിക്കലല്ല, അവ നശിപ്പിക്കലാണ്‌ കോൺഗ്രസ്‌ നയമെന്നും കെ മുരളീധരൻ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top