29 March Friday

യൂസഫലിയെ അപമാനിക്കൽ : ഷാജിയെ തള്ളാനും 
കൊള്ളാനുമാകാതെ ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


മലപ്പുറം
പ്രവാസി വ്യവസായി എം എ യൂസഫലിയെ അപമാനിച്ച മുസ്ലീംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ നിലപാട്‌ ലീഗിന്‌ തിരിച്ചടിയാകുന്നു. ഷാജിക്കെതിരായ പ്രവാസികളുടെ പ്രതിഷേധം കെഎംസിസി നേതാക്കൾ ലീഗ്‌ അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങളെ അറിയിച്ചു. ദുബായ് കെഎംസിസി നേതാവ്‌ ഇബ്രാഹിം എളേറ്റിൽ ലോക കേരളസഭയിൽതന്നെ ഷാജിയുടെ വിമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഷാജിയെ പരസ്യമായി തള്ളണമെന്നാണ്‌ കെഎംസിസി നേതാക്കളുടെ വികാരം. അതേസമയം, ലീഗ്‌ നേതൃത്വമാകട്ടെ ഷാജിയെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ്‌.

ലോക കേരളസഭ ബഹിഷ്‌കരിച്ച യുഡിഎഫ് നടപടിയെ എതിർത്തതിനാണ്‌ യൂസഫലിക്കെതിരെ ഷാജി  ബഹ്‌റൈനിൽ കടുത്ത വിമർശം ഉന്നയിച്ചത്‌. ‘‘മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യുഡിഎഫിനെയും പഠിപ്പിക്കാൻ വരേണ്ട.  ലീഗിനെ വിലയ്‌ക്ക്‌ വാങ്ങാൻ വന്നാൽ വിവരമറിയും, എത്‌ വലിയ സുൽത്താനായാലും’’–- എന്നായിരുന്നു അധിക്ഷേപം.

ലീഗുമായും കെഎംസിസിയുമായും  നേതാക്കളുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ്‌ യൂസഫലി. അതുകൊണ്ടുതന്നെ ലോകം ആദരിക്കുന്ന യൂസഫലിയെ  അപമാനിച്ചതിൽ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്‌. എങ്കിലും ഷാജിയെ പിണക്കാൻ ഭയക്കുന്ന നേതൃത്വമാകട്ടെ തൽക്കാലം നടപടി എടുക്കാതെ ഒഴിഞ്ഞുമാറുകയാണ്‌. അതിനിടെ ആശയക്കുഴപ്പമില്ല  എന്ന്‌ അണികളെ ബോധ്യപ്പെടുത്താൻ തിരൂരിലെ ലീഗ്‌ നേതൃസംഗമത്തിൽ ഷാജിയെ മുഖ്യപ്രാസംഗികനുമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top