26 April Friday

കരുണാകരന്റെ പേരില്‍ പിരിച്ച 16 കോടി എവിടെ? സുധാകരന്‍ കണക്ക് പറയണം: കെ പി അനില്‍കുമാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കോഴിക്കോട്‌ > കണ്ണൂരിൽ കെ കരുണാകരന്റെ പേരിൽ സ്‌കൂൾ വാങ്ങാനായി പിരിച്ചെടുത്ത 16 കോടി രൂപ എവിടെയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വ്യക്തമാക്കണമെന്ന്‌ കെ പി അനിൽകുമാർ. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ്‌ സുധാകരന്റെ നേതൃത്വത്തിൽ പണപ്പിരിവ്‌ നടത്തിയത്‌. പണം സുധാകരൻ മാത്രം ഡയറക്‌ട‌റായ കണ്ണൂർ എജ്യുപാർക്കിലേക്കാണ്‌ മാറ്റിയത്‌. ട്രസ്റ്റിന്റെ പണം ഉപയോഗിച്ചില്ലെങ്കിൽ സർക്കാരിലേക്ക്‌ കൈമാറണമെന്നതും പാലിക്കപ്പെട്ടില്ല.

കെ സുധാകരനും വി ഡി സതീശനുമാണ്‌ തന്നെ കമ്യൂണിസ്റ്റാക്കിയത്‌. അതിന്‌ അവരോട്‌ നന്ദിയുണ്ട്‌. അല്ലായിരുന്നെങ്കിൽ താനിപ്പോഴും കോൺഗ്രസ്‌ എന്ന കിണറ്റിലെ തവളയായേനെ. രണ്ടുതവണ സീറ്റ്‌ നിഷേധിച്ചപ്പോഴും തല മുണ്ഡനം ചെയ്യാനും തെറിവിളിക്കാനും മുതിർന്നിട്ടില്ല. താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുത്തതു പോലെയാണ്‌ കെ സുധാകരൻ കോൺഗ്രസ്‌ പിടിച്ചെടുത്തത്‌. സുധാകരനെ പ്രസിഡന്റാക്കിയില്ലെങ്കിൽ കലാപമുണ്ടാകുമെന്ന്‌ പ്രചാരണം നടത്തി. സൈബർ ഗുണ്ടകളെ ഉപയോഗിച്ചുള്ള ഈ പ്രചാരണത്തിന്റെ ഉറവിടം കെ സുധാകരനായിരുന്നു. നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ്‌ സുധാകരൻ പ്രസിഡന്റായത്‌.

സംഘപരിവാറിന്റെ മനസ്സുള്ളയാളാണ്‌ സുധാകരൻ. ഇത്തരമൊരാൾ കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക്‌ എങ്ങനെ സുരക്ഷിതത്വം നൽകാൻ കഴിയും. പാർലമെന്ററി പാർടിയിൽ ഭൂരിപക്ഷം ചെന്നിത്തലയ്‌ക്കായിരുന്നു. എംഎൽഎമാരുടെ യോഗം വീണ്ടും വിളിച്ച് ചെന്നിത്തലയ്‌ക്ക്‌ എതിരായ അഭിപ്രായം ഇമെയിൽ അയപ്പിച്ച്‌ അട്ടിമറി നടത്തിയാണ്‌ സതീശനെ പ്രതിപക്ഷ നേതാവാക്കിയത്‌. തന്നെ മാലിന്യമെന്നാണ്‌ കെ മുരളീധരൻ വിശേഷിപ്പിച്ചത്‌. മുരളീധരൻ എത്ര പാർടിയിൽ പ്രവർത്തിച്ചുവെന്ന്‌ ആലോചിക്കണം. മാലിന്യങ്ങളെ സ്വീകരിക്കാത്തതിനാലാണ്‌ എ കെ ജി സെന്ററിലേക്ക്‌ മുരളീധരനെ സ്വീകരിക്കാത്തതെന്നും അനിൽകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top