18 December Thursday

ആലപ്പുഴയുടെ ഓർമച്ചിത്രങ്ങളിൽ ‘ഈ കണ്ണികൂടി’

നെബിൻ കെ ആസാദ്‌Updated: Monday Sep 25, 2023
ആലപ്പുഴ > ‘സ്വപ്‌നാടനം’ മുതൽ ‘ഇലവങ്കോട്‌ദേശം’ വരെ നീളുന്ന സർഗപ്രയാണത്തിൽ കെ ജി ജോർജിനെ ആലപ്പുഴയുമായി ചേർത്തുവയ്‌ക്കുന്ന കണ്ണികൂടിയുണ്ട്‌. എസ്‌ ഭാസുരചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതി കെ ജി ജോർജ്‌ സംവിധാനംചെയ്‌ത ‘ഈ കണ്ണികൂടി’ എന്ന 1990ൽ പുറത്തിറങ്ങിയ സസ്‌പെൻസ്‌ ത്രില്ലറാണത്‌. 
 
ആലപ്പുഴക്കാരനായ ഔസേപ്പച്ചൻ വാളക്കുഴിയാണ്‌ നിർമാതാവ്‌. ശക്തമായ തിരക്കഥയും കുറ്റാന്വേഷണകഥകൾ കൈകാര്യംചെയ്യാൻ അസാമാന്യ കഴിവും "യവനിക'  സിനിമയുമാണ്‌  "ഈ കണ്ണികൂടി'യുടെ സംവിധായകനായി കെ ജി ജോർജിനെ തെരഞ്ഞെടുക്കാൻ കാരണമെന്നും ഔസേപ്പച്ചൻ പറയുന്നു. സായ്‌കുമാർ, അശ്വിനി, തിലകൻ, ജഗദീഷ്‌, സുകുമാരി, മുരളി തുടങ്ങിയവരാണ്‌ പ്രധാനവേഷത്തിലെത്തിയത്‌. 
 പുതുമുഖങ്ങൾക്ക്‌ അവസരം നൽകിയിരുന്ന, സഹപ്രവർത്തകരോട്‌ സൗമ്യമായി പെരുമാറുന്ന സംവിധായകനായാണ്‌ കെ ജി ജോർജിനെ ഔസേപ്പച്ചൻ ഓർക്കുന്നത്‌. കച്ചവടം, കലാമൂല്യം തുടങ്ങിയ  അതിർത്തികളെ പൊളിച്ചെഴുതി ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കെ ജി ജോർജിനായി. അശ്വിനിയുടെ ‘കുമുദം’ ആണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രം.   
  
സിനിമയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌ ആലപ്പുഴക്കാരനായ എ കബീറായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചതും ആലപ്പുഴയിലാണ്‌.  പ്രധാന ഭാഗമായ വീട്‌ പൂങ്കാവിലെ കുരിശടിയിലാണ്‌. 
 പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന സുരേഷ്‌ എന്ന ആലപ്പുഴക്കാരനെ തിരുവനന്തപുരത്തെ ബാങ്കിൽവച്ച്‌  കെ ജി ജോർജും ഭാര്യ സെൽമ ജോർജും പരിചയപ്പെടുകയായിരുന്നെന്നും പിന്നീട്‌ സിനിമയിലേക്ക്‌ ക്ഷണിക്കുകയായിരുന്നെന്നും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായ എ കബീർ ഓർക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top