18 September Friday

കേരളത്തിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം; വിവാദങ്ങൾക്ക്‌ പിന്നിൽ കുത്തകകൾ

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020

തിരുവനന്തപുരം > നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം.  20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ്‌ ലഭിക്കുന്ന പദ്ധതിയാണിത്‌. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും കെഫോൺ കണക്ഷൻ നൽകും.  ഡിസംബറിൽ പൂർത്തിയാകുന്ന പദ്ധതി കേരളത്തിൽ വലിയ കച്ചവട മോഹമുള്ള റിലയൻസ്‌ അടക്കമുള്ള ഡാറ്റാ കമ്പനികൾക്ക്‌  വലിയ തിരിച്ചടിയാകും. അതിനാലാണ്‌  ആരോപണമുന്നയിച്ച്‌ പദ്ധതിയെ ഇല്ലാതാക്കാൻ ഈ കമ്പനികളുടെ ഒത്താശയോടെ ചിലർ രംഗത്തിറങ്ങിയത്‌.

സംസ്ഥാനത്തെ ഡാറ്റാ വിപണിയിൽ 90 ശതമാനവും റിലയൻസ്‌, വോഡഫോൺ, എയർടെൽ കമ്പനികൾക്കാണ്‌. കേബിൾ വഴി ഏഷ്യാനെറ്റും റെയിൽവയറും രംഗത്തുണ്ട്‌. കെ ഫോണിനെ വിവാദത്തിലാക്കുമ്പോൾ സംരക്ഷിക്കുന്നത്‌ ഈ കമ്പനികളുടെ താൽപ്പര്യമാണ്‌. ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഇന്റർനെറ്റ്‌ ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യയുടെ 2019 നവംബറിലെ റിപ്പോർട്ട്‌ പ്രകാരം ഇന്റർനെറ്റ്‌ ഉപയോഗത്തിൽ രാജ്യത്ത്‌ രണ്ടാമതാണ്‌ കേരളം. ഡൽഹി മാത്രമാണ്‌ മുന്നിൽ‌. സംസ്ഥാനത്തെ നാലു കോടിയിലേറെ മൊബൈൽ കണക്‌ഷനിൽ മൂന്നു കോടിയിലധികവും ബ്രോഡ്‌ ബാൻഡ്‌ കണക്‌ഷൻ മിക്കതും സ്വകാര്യ കമ്പനികളുടെതാണ്‌.

യാഥാർഥ്യമായാൽ കുത്തകകളുടെ കാലിടറും

കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമായാൽ കേരള വിപണിയിൽ കുത്തകകളുടെ കാലിടറും. നിലനിൽക്കണമെങ്കിൽ ഈടാക്കുന്ന തുക കുറയ്‌ക്കേണ്ടിവരും. കേരള മോഡൽ മറ്റ്‌ സംസ്ഥാനങ്ങൾ നടപ്പാക്കിയാലുണ്ടാകുന്ന പ്രതിസന്ധിയും കോർപറേറ്റുകൾക്കു മുന്നിലുണ്ട്‌‌. കൺസൾട്ടൻസിയുടെ പേരിൽ ഇപ്പോൾ ഉയർത്തുന്ന വിവാദം ഫലത്തിൽ ഇവരെയെല്ലാം സഹായിക്കുന്നതാകും. 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ‌ ഫൈബർ ശൃംഖലയാണ്‌ കെ ഫോണിനായി ഒരുക്കുന്നത്‌. ഇത്‌ എല്ലാ സ്വകാര്യ കമ്പനികളെക്കാളും വലുതാണ്‌. സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബിവരെ വേഗതയുണ്ടാകും‌.

ടെൻഡർ യുഡിഎഫ്‌ കാലത്ത്‌

കെ ഫോൺ പദ്ധതിയുടെ കൺസൾട്ടന്റായി പ്രൈസ്‌ വാട്ടർഹൗസ്‌ കൂപ്പേഴ്‌സിനെ(പിഡബ്ല്യുസി) തെരഞ്ഞെടുത്തത്‌ ചട്ടങ്ങൾ പാലിക്കാതെയാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും അടിസ്ഥാനരഹിതം. 2012ൽ യുപിഎ സർക്കാർ പ്രഖ്യാപിച്ച അതിവേഗ ഇന്റർനെറ്റ്‌ പദ്ധതി ഏറ്റെടുക്കാൻ 20015ൽ യുഡിഎഫ്‌ സർക്കാരാണ്‌ തീരുമാനിച്ചത്‌.  പദ്ധതിക്കായി കൺസൾട്ടന്റിനെ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോട്‌ ഉന്നതാധികാര സമിതി നിർദേശിച്ചു. 2016 ജനുവരിയിൽ ടെൻഡർ ക്ഷണിച്ചു.

അനാലിസിസ് മാസൺ, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആൻഡ് യങ്‌  കമ്പനികൾ പങ്കെടുത്തു.  ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്‌ത പിഡബ്ല്യൂസിയെ തെരഞ്ഞെടുത്തു. കൺസൾട്ടന്റിന്റെ പരിഗണനാ വിഷയങ്ങൾ നിർണയിച്ചതും ടെൻഡർ വിളിച്ചതും യുഡിഎഫാണ്‌. എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ടെൻഡറിന്റെ ഫലം അംഗീകരിക്കുക മാത്രമാണ് ചെയ്‌തത്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top