27 April Saturday

കണ്ണൂരിൽ കെ ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു; തുടക്കം 900 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കണ്ണൂർ > ജില്ലയിൽ കെ ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക്‌ ഇൻസ്‌റ്റലേഷൻ പൂർത്തിയാക്കും. 900 കേന്ദ്രങ്ങളിലാണ്‌ ജില്ലയിൽ ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാകുക. ജില്ലയിൽ ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളിലാണ്‌ കണക്‌ഷൻ നൽകുക. ആദ്യഘട്ടത്തിലുൾപ്പെടുന്ന 420 സ്ഥാപനങ്ങളിലാണ്‌ 9 യു റാക്കുകൾ സജ്ജീകരിച്ചത്‌. നെറ്റ്‌വർക്ക്‌ കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ്‌ തുടങ്ങിയവയാണ്‌ 9 യു റാക്കിൽ ഉൾപ്പെടുന്നത്‌. ബാക്കിയുള്ള സ്ഥാപനങ്ങളിൽ ഈ മാസം അവസാനം ഇൻസ്‌റ്റലേഷൻ പൂർത്തിയാക്കും.
 
വീടുകളിലേക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലും ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി. ആദ്യഘട്ടത്തിൽ 890 കിലോമീറ്ററിലാണ്‌ ലൈൻ വലിക്കേണ്ടത്‌. ഇതിൽ 870 കിലോമീറ്ററും പൂർത്തിയായി. റെയിൽ, പാലങ്ങൾ എന്നിവ മുറിച്ചുകടക്കുന്ന 18 ഇടത്താണ്‌ ലൈൻ ബന്ധിപ്പിക്കൽ ബാക്കിയുള്ളത്‌. അടുത്ത ദിവസങ്ങളിൽ ഇവിടെ ലൈനുകൾ ബന്ധിപ്പിക്കും. 31 സ‌ബ്‌ സ്‌റ്റേഷനുകളാണുണ്ടാവുക. മുണ്ടയാടാണ്‌ മെയിൻ ഹബ്‌.  മുണ്ടയാട്‌, കാഞ്ഞിരോട്‌, കൂത്തുപറമ്പ്‌, പിണറായി, തോലമ്പ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്‌, തോട്ടട, തളിപ്പറമ്പ്‌, മാങ്ങാട്‌, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാവുക. കണ്ണൂർ നഗരത്തിലെ സർക്കാർ ഓഫീസുകളിലടക്കം അടുത്ത ഘട്ടത്തിലാണ് കെ ഫോൺ എത്തുക.‌
 
രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ലൈൻ വലിക്കൽ ആരംഭിച്ചിട്ടുണ്ട്‌. 1800 കിലോമീറ്ററാണ്‌ രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്‌. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഒരു ലക്ഷത്തിലധികം വീടുകളിലേക്കാണ്‌ സൗജന്യ ഇന്റർനെറ്റ്‌. ബെല്ലും എസ്‌ആർഐടിയും ചേർന്ന കൺസോർഷ്യമാണ്‌ നിർവഹണ ഏജൻസി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top