26 April Friday

നേതൃത്വം ഒറ്റക്കെട്ടാണെന്ന് വേണുഗോപാൽ ; പരിഹാസമെന്ന് എ, ഐ ഗ്രൂപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021


തിരുവനന്തപുരം
ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും വകവയ്‌ക്കേണ്ടെന്ന സുധാകരൻ–-സതീശൻ കൂട്ടുകെട്ടിന്റെ തീരുമാനത്തിന്‌ ചൂട്ടുപിടിച്ച്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ഒറ്റക്കെട്ടാണെന്നും മുതിർന്ന എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ്‌ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്ലറയിൽ പദയാത്രയ്‌ക്ക്‌ എത്തിയപ്പോഴായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ മുതിർന്ന നേതാക്കളെ വേണുഗോപാൽ ഇതിലൂടെ പരിഹസിക്കുകയായിരുന്നുവെന്നാണ്‌ എ, ഐ ഗ്രൂപ്പ്‌ നേതാക്കളുടെ പ്രതികരണം.

ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി, വി എം സുധീരൻ എന്നിവരാണ്‌ കേരളത്തിലെ മുതിർന്ന നേതാക്കൾ. ഇവരാരും പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളെ അംഗീകരിക്കുന്നില്ല. ഇവരുമായി സുപ്രധാന കാര്യങ്ങളൊന്നും ആലോചിക്കാറുമില്ല. ഇത്‌ ഹൈക്കമാൻഡിന്‌ മുന്നിൽ പരാതിയായുമുണ്ട്‌. മാത്രമല്ല, ബദൽ പരിപാടികളുമായി മുന്നോട്ടു പോകാനാണ്‌ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും നീക്കം.

പുതിയ നേതൃത്വം സ്ഥാനമേറ്റശേഷം ആലപ്പുഴയിൽ രണ്ടുവിഭാഗവും കെഎസ്‌യു ക്യാമ്പ്‌ നടത്തി.  ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാടായിരുന്നു ‘വിമത ക്യാമ്പ്‌’ സംഘടിപ്പിച്ചത്‌. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി ആർ ജയപ്രകാശിന്റെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചെത്തി നേതൃത്വം നൽകിയതും ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചു. ഔദ്യോഗിക അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കരുതെന്ന സുധാകരന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച്‌ ചെന്നിത്തല കഴിഞ്ഞദിവസം പദയാത്രയും സംഘടിപ്പിച്ചു.  അതേസമയം, ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും തടസ്സമാണെന്ന്‌ ഹൈക്കമാൻഡിൽ ഗൗരവമായി ഉന്നയിക്കാൻ ഔദ്യോഗിക നേതൃത്വത്തിനും ഭയമുണ്ട്‌. പാർടിയിലെ ഏറ്റുമുട്ടൽ നേതൃത്വത്തിന്റെ പരാജയമാണെന്ന്‌ വിലയിരുത്തുമെന്ന ഭയത്താലാണിത്‌. അങ്ങനെവന്നാൽ ഹൈക്കമാൻഡ്‌ ചർച്ചയ്‌ക്ക്‌ വിളിക്കും. ഇതോടെ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്‌ക്കും അവരുടെ വാദങ്ങൾ സമർഥിക്കാൻ അവസരമൊരുങ്ങും. അതൊഴിവാക്കാനാണ്‌ ഈ താൽക്കാലിക പിന്മാറ്റം. ഗ്രൂപ്പുകൾ ആകട്ടെ പരമാവധി പ്രകോപിപ്പിച്ച്‌ ഔദ്യോഗിക നേതൃത്വത്തെക്കൊണ്ട്‌ തന്നെ ചർച്ചയിലെത്തിക്കുകയെന്ന നിലപാടിലുമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top