26 April Friday
ഉത്തരവ്‌ വന്ന് അഞ്ചാം ദിവസം 
ജലീൽ സ്ഥാനം ഒഴിഞ്ഞു

ഉമ്മൻചാണ്ടിക്കും ബാബുവിനും 
ഇല്ലാതെ പോയ ധാർമികത

കെ ശ്രീകണ‌്ഠൻUpdated: Tuesday Apr 13, 2021


തിരുവനന്തപുരം
പാമൊലിൻ, ടൈറ്റാനിയം കേസുകളിൽ ഉമ്മൻചാണ്ടി‌ക്കും ബാർ കോഴയിൽ കെ ബാബുവിനും ഇല്ലാതെ പോയ രാഷ്‌ട്രീയ ധാർമികതയും ഔചിത്യവുമാണ്‌ രാജിയിലൂടെ കെ ടി ജലീൽ ഉയർത്തിപ്പിടിച്ചത്‌. ലോകായുക്തയുടെ വിധി പകർപ്പ്‌  രജിസ്‌ട്രാർ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കൈമാറി മണിക്കൂറുകൾക്കകമാണ് ജലീലിന്റെ രാജി.  ‘ഹൈക്കോടതി തീരുമാനംവരട്ടെ’ എന്ന്‌ പറഞ്ഞ്‌ നീട്ടിക്കൊണ്ടുപോയില്ല.

പാമൊലിൻ അഴിമതി കേസ്‌ പിൻവലിക്കാൻ 2014ൽ ഉമ്മൻചാണ്ടി സർക്കാർ നൽകിയ ഹർജി രൂക്ഷമായി വിമർശിച്ച് വിജിലൻസ്‌ കോടതി തള്ളി. ഉമ്മൻചാണ്ടി നേരിട്ട്‌ ഇടപെട്ടാണ്‌ കേസ്‌ പിൻവലിപ്പിക്കാൻ ചരടുവലി നടത്തിയത്‌. സർക്കാർ നീക്കം സാമൂഹ്യനീതിക്കും പൊതുതാൽപ്പര്യത്തിനും വിരുദ്ധമാണെന്ന്‌‌ കോടതി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നു‌ പറഞ്ഞ്‌ അന്ന്‌ നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഉമ്മൻചാണ്ടി. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കൂട്ടുനിന്നു.

ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസ്‌ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോഴും ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചില്ല. പകരം ആഭ്യന്തരവകുപ്പ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‌ കൈമാറി. കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല പിന്നീട്‌ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. സോളാർ അഴിമതി, ലൈംഗിക പീഡന കേസുകളിലും യുഡിഎഫ്‌ സ്വീകരിച്ചത് സമാന നിലപാട്.

ബാർ കോഴക്കേസിൽ  കെ ബാബു രാജിക്കത്ത്‌ നൽകിയെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അത്‌ ഗവർണർക്ക്‌ കൈമാറിയില്ല. രാജി നൽകിയ കെ ബാബു മന്ത്രിയായി തുടർന്നു.  ധാർമികതയുടെ ഈ യുഡിഎഫ്‌ ‘മോഡൽ’ കേരളീയർക്ക്‌ മുന്നിലുള്ളപ്പോഴാണ്‌ ജലീലിനും സർക്കാരിനുമെതിരെ ലോകായുക്ത റിപ്പോര്‍ട്ട് ആയുധമാക്കുന്നത്‌. റിപ്പോര്‍ട്ട് വന്നത്‌ ഒമ്പതിന്. അഞ്ചാംദിവസം ജലീൽ സ്ഥാനം ഒഴിഞ്ഞു. 

അഴിമതി, അവിഹിത സമ്പാദ്യം എന്നിവയൊന്നുമല്ല ജലീലിനെതിരെ ഉയർന്ന ആരോപണം. ന്യൂനപക്ഷ വികസന ധന കോർപറേഷനിൽ ജനറൽ മാനേജർ തസ്‌തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന്‌ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തിയതാണ്‌ ആക്ഷേപം. യോഗ്യത മാറ്റിയത് 2016ല്‍. രണ്ടുവർഷം കഴിഞ്ഞ്‌ ബന്ധുവിനെ നിയമിക്കാനായിരുന്നു ഇതെന്നാണ് യൂത്ത്‌ ലീഗ്‌ ആരോപണം. നിയമനത്തിന്‌ യോഗ്യരായവരെ കിട്ടാതെ വന്നതാണ്‌ യോഗ്യതയിൽ മാറ്റം വരുത്താനുള്ള പ്രധാന കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top