27 April Saturday

അമ്മയിൽ ജനാധിപത്യം ഇല്ലാതായി: 
കെ ബി ഗണേഷ്‌കുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


കൊട്ടാരക്കര
താര സംഘടനയായ അമ്മ, ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന്‌ കെ ബി ഗണേഷ്‌കുമാർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഇടവേള ബാബു ഏകാധിപത്യ പ്രവണത ഉപേക്ഷിക്കണം. ദിലീപിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാട് വിജയ്ബാബു വിഷയത്തിലും ഉണ്ടാകണം. അതിജീവിത ഉന്നയിച്ച ആരോപണങ്ങൾക്ക് ഇടവേള ബാബു ഇനിയും മറുപടി നൽകിയിട്ടില്ല. 

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം താനുംകൂടി ചേർന്ന്‌ രജിസ്റ്റർ ചെയ്ത സംഘടന ക്ലബ്ബായി മാറിയത് എന്നു മുതലാണെന്നും ഏതു സന്ദർഭത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കണം. ക്ലബ് എന്ന വാക്കിൽ ഉറച്ചുനിൽക്കുന്നത് ആരെയോ രക്ഷിക്കാനാണ്. തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുപകരം ഇരയോട്‌ മറുപടി പറയുകയാണ്‌ വേണ്ടത്‌. അമ്മയിൽ ജനാധിപത്യം ഇല്ലാതായി. അഭിപ്രായ സ്വാതന്ത്ര്യമില്ല. സിനിമയിൽ ഒന്നുമല്ലാതിരുന്ന ഇടവേള ബാബുവിനെ ചലച്ചിത്ര വികസന കോർപറേഷൻ വൈസ്‌ ചെയർമാനാക്കിയത് താൻ മന്ത്രി ആയിരുന്നപ്പോഴാണ്‌. ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയവർ വിജയ് ബാബുവിന്റെ രാജിയും ആവശ്യപ്പെടണം. ഇക്കാര്യത്തിൽ പ്രസിഡന്റ്‌ മോഹൻലാൽ മൗനം വെടിയണം. വിഷയങ്ങളെല്ലാം സൂചിപ്പിച്ച് പ്രസിഡന്റിന് കത്ത് നൽകും.

ഷമ്മി തിലകന്റെ ആരോപണങ്ങൾക്കു മറുപടി പറയുന്നില്ല. അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധം പുലർത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തിലകന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ നൽകിയത് തന്റെ ഇടപെടലിലാണ്‌. മമ്മൂട്ടി ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ അമ്മ ഭവനനിർമാണ ധനസഹായം നൽകിയിരുന്നു. രണ്ടു നിർധന കുടുംബത്തിനു വീട്‌ നിർമിച്ചു നൽകിയത്‌ വോട്ടിനു വേണ്ടിയല്ലെന്നും- ഗണേഷ്‌കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top