25 April Thursday
സർക്കാർ റേഷൻ കാർഡും താമസവും ഒരുക്കിയിരുന്നു

ആ "പൊട്ടിക്കരച്ചിലിനു' പിന്നിൽ പ്രതിപക്ഷം ; ലൈഫിൽ വീട്‌ നൽകാമെന്ന ഉറപ്പ്‌ മറച്ചുവച്ചു

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021

ആലപ്പുഴ സ്വദേശിനി സെക്രട്ടറിയറ്റിനു 
മുമ്പിൽ പൊട്ടിക്കരയുന്നു. സമീപം 
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. (മനോരമ പ്രസിദ്ധികരിച്ച ചിത്രം)

 

തിരുവനന്തപുരം
സ്വന്തമായി വീട്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ആലപ്പുഴ സ്വദേശിനിയും കുടുംബവും സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തിയ "പൊട്ടിക്കരച്ചിൽ' പ്രതിപക്ഷം ഒരുക്കിയ നാടകം. ലൈഫ്‌ പദ്ധതിയിൽ ഇവർക്ക്‌ വീട്‌ നൽകാനുള്ള നടപടി ആരംഭിച്ചതിനിടെയാണ്‌ സർക്കാർവിരുദ്ധ വികാരമുണ്ടാക്കാൻ പ്രതിപക്ഷ നേതാവടക്കം ഇവരുടെ കണ്ണീർ ഉപയോഗിച്ചത്‌. ആലപ്പുഴ മുട്ടാർ സ്വദേശി ജയലക്ഷ്‌മിയാണ്‌ 22ന്‌ സെക്രട്ടറിയറ്റിനു മുമ്പിൽ "പ്രതിഷേധി'ച്ചത്‌.

കഴിഞ്ഞ 15ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ജയലക്ഷ്‌മി പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ കണ്ട്‌ വീടില്ലാത്ത കാര്യം പറഞ്ഞിരുന്നു.  ഇവരെ സഹായിക്കണമെന്ന്‌ മുഖ്യമന്ത്രി അപ്പോൾത്തന്നെ ആലപ്പുഴ കലക്ടറോട്‌ നിർദേശിച്ചു.  വീട്‌ ലഭിക്കുംവരെ താമസിക്കാൻ സൗകര്യമൊരുക്കാമെന്ന്‌ കലക്ടർ പിറ്റേദിവസം തന്നെ  ഉറപ്പും നൽകി. ഒരു മണിക്കൂറിനുള്ളിൽ ജയലക്ഷ്‌മിയുടെ ഭർത്താവ് പ്രകാശന്റെ പേരിൽ ബിപിഎൽ റേഷൻ കാർഡും അനുവദിച്ചു. കലക്ടറുടെ ശുപാർശയിൽ ഒരു സന്നദ്ധ സംഘടന ആലപ്പുഴയിൽ "പിങ്ക് നെസ്റ്റി'ൽ താമസവുമൊരുക്കി. കുടുംബത്തിന്‌ ഭക്ഷണവും വസ്‌ത്രവും മൊബൈലും സന്നദ്ധ സംഘടന നൽകി. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ എറണാകുളത്ത് കാക്കനാട്ട്‌ 1500 രൂപയ്‌ക്ക്‌ വാടക വീട് ശരിയായെന്ന്‌ ഇവർ അറിയിച്ചു. ജെസിബി ഓപ്പറേറ്ററായ തനിക്ക് അവിടെ ജോലി ചെയ്യാമെന്ന്‌ പ്രകാശും അറിയിച്ചു. സന്നദ്ധ സംഘടന ജയലക്ഷ്‌മിയുടെ അക്കൗണ്ടിലേക്ക് 10,000 രൂപയും നൽകി. എന്നാൽ, 22ന്‌ ഇവർ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വീട് വേണമെന്ന് ആവശ്യപ്പെട്ടു.

നടപടി പൂർത്തിയായാൽ ലൈഫിൽ വീട് ലഭിക്കുമെന്ന്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. പിന്നീടാണ്‌ ഇവർ പ്രതിപക്ഷത്തിന്റെ കെണിയിൽപ്പെട്ട്‌ സെക്രട്ടറിയറ്റിനു മുമ്പിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top