26 April Friday

ഭരണഘടനാ നിർമാതാക്കൾ ഭയപ്പെട്ടത്‌ 
സംഭവിക്കുന്നു : ജസ്റ്റിസ് വി കെ മോഹനൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


തിരുവനന്തപുരം
ഭരണഘടനാ നിർമാതാക്കൾത്തന്നെ ഭയപ്പെട്ട പലതും ഇന്ന്‌ നാട്ടിൽ സംഭവിക്കുകയാണെന്ന്‌ പൊലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി ചെയർമാനും മുൻ ഹൈക്കോടതി ജഡ്‌ജിയുമായ ജ.വി കെ മോഹനൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും ജന്മദിനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എത്ര നല്ല ഭരണഘടനയായാലും അത്‌ കൈകാര്യം ചെയ്യുന്നവർ ശരിയല്ലെങ്കിൽ ജനങ്ങൾക്ക്‌ ഗുണമുണ്ടാകില്ലെന്ന്‌ ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകളുടെ അവസാനഘട്ടത്തിൽ ഡോ.ബി ആർ അംബേദ്‌കർ  അടക്കമുള്ളവർ പറഞ്ഞിരുന്നു. അതിന്റെ ലക്ഷണങ്ങൾ ഇന്ന്‌ കാണുന്നുണ്ട്‌. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ പീഡനങ്ങൾ ഏറുന്നു. ജനാധിപത്യ പോരാട്ടങ്ങൾ ശക്തിപ്പെടുത്തി മാത്രമേ ഇത്‌ നേരിടാൻ കഴിയൂ. അംബേദ്‌കറുടെ ആശയങ്ങളോട്‌ പ്രതിബദ്ധത പുലർത്തുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. പട്ടിക വിഭാഗങ്ങളിൽപ്പെട്ടവർക്ക്‌ സംവരണത്തിലൂടെ മാത്രം എല്ലാകാലത്തും പിടിച്ചുനിക്കാനായെന്നുവരില്ല. സംവരണാനുകൂല്യങ്ങൾ കൈപ്പറ്റുന്നവരും അല്ലാത്തവരും യോജിച്ചുനിന്ന്‌ ജനാധിപത്യപോരാട്ടം ശക്തിപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ അധ്യക്ഷനായി. മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, അഡ്വ. എസ്‌ പ്രഹ്‌ളാദൻ, എസ്‌ പി മഞ്ജു, രാജൻ വെമ്പിളി, ഐസക്ക്‌ വർഗീസ്‌, കെ ഗോപാലകൃഷ്‌ണൻ, ഐവർകാല ദിലീപ്‌, വിനീത വിജയൻ, പി എസ്‌ നിഷ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top