25 April Thursday

രാജ്യത്തെ സർക്കാരിന് കടുത്ത മതതാൽപര്യം; ശാസ്ത്രബോധത്തെ തടയാൻ ശ്രമിക്കുന്നു: ജസ്‌റ്റിന്‌ കെ ചന്ദ്രു

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

കാഞ്ഞങ്ങാട് > നമ്മുടെ രാജ്യത്തെ സർക്കാരിന് കടുത്ത മതതാൽപര്യമുണ്ടെന്ന്‌ ജസ്‌റ്റിസ്‌ കെ ചന്ദ്രു. ആ താൽപര്യം, ശാസ്ത്രബോധത്തെ തടയാനാണ് അവർ ഉപയോഗിക്കുന്നത്. അത്തരം നീക്കങ്ങൾ തടഞ്ഞേ പറ്റൂ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപടികൾക്ക്‌ അതിൽ പങ്കുവഹിക്കാൻ കഴിയണമെന്നും ചന്ദ്രു പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പദയാത്ര കാഞ്ഞങ്ങാട്‌ ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ തമിഴ് സയൻസ് ഫോറം എന്ന ശാസ്ത്ര സംഘടന സ്ഥാപിക്കാൻ പ്രചോദനം നൽകിയത് പരിഷത്ത് ആയിരുന്നു. കേരളം ഞങ്ങളുടെ അഭിമാനമാണ്. ഏതാനും ആഴ്‌ച‌കൾക്ക് മുമ്പ് ലൈബ്രറി കൗൺസിലിന്റെ, അന്ധവിശ്വാസത്തിനെതിരായ ഒരു ജാഥ ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് വരികയുണ്ടായി. ഇന്ന് ഇവിടെ ശാസ്ത്രബോധത്തിനായി സംഘടിപ്പിച്ച മറ്റൊരു ജാഥ ഉദ്ഘാടനം ചെയ്യുകയാണ്. പത്തനംതിട്ട ജില്ലയിലെ നരബലി നടന്ന സംഭവം അറിഞ്ഞപ്പോൾ ഞങ്ങളൊക്കെ അത്ഭുതപ്പെട്ടു. കേരളത്തിൽ ഇതെങ്ങനെ നടക്കുമെന്ന്‌ ആലോചിച്ചു.

നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 51, ശാസ്ത്രബോധം പ്രചരിപ്പിക്കാൻ എല്ലാ പൗരന്മാർക്കും ഉത്തരവാദിത്തം നൽകുന്നുണ്ട്. അങ്ങനെയുള്ള ഈ രാജ്യത്ത്, ഗുജറാത്തിലെ ഒരു ജഡ്‌ജി ഈയിടെ ഒരുപാട് പ്രഖ്യാപനങ്ങൾ നടത്തി. എല്ലാം പശുവുമായി ബന്ധപ്പെട്ടത്. അതിലൊന്ന്, ചാണകത്തിന് അണുവികിരത്തെ തടയാൻ കഴിയുമെന്നായിരുന്നു. ശാസ്ത്ര ബോധം പ്രചരിപ്പിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുള്ള ഈ രാജ്യത്തിന്റെ ഒരു ജഡ്‌ജി ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിച്ചത് അത്ഭുതപ്പെടുത്തുന്നു.

ശബരിമലയിൽ സ്ത്രീകൾക്ക്  പ്രവേശനാവകാശത്തിനായി വലിയ പ്രക്ഷോഭം നടന്ന കാലത്ത് നമ്മുടെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നിങ്ങളെല്ലാം ശ്രദ്ധിച്ചു. ഒരു തരത്തിലും ഉള്ള വിവേചനവും പാടില്ല എന്ന് അനുശാസിക്കുന്ന ഭരണഘടന നിലനിൽക്കുമ്പോൾ തന്നെ അഞ്ച് പുരുഷ ജഡ്‌ജിമാർ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകണമെന്ന് വിധിന്യായം എഴുതിയപ്പോൾ കേസ് പരിഗണിച്ച ജഡ്‌ജിമാരുടെ  കൂട്ടത്തിലെ ഏക വനിത, സ്ത്രീ പ്രവേശനം അനുവദിക്കരുതെന്നാണ് നിർദ്ദേശിച്ചത്. പരാജയപ്പെട്ടത് നമ്മുടെ ഭരണഘടനയാണ്.

തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ സ്ത്രീ പൂജാരിയെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു കേസ് എന്റെ കോടതിയിൽ വന്നു. ഭരണഘടനയിലെ വിവേചനം പാടില്ല എന്ന വകുപ്പ് ഉപയോഗിച്ചാണ് ആ കേസിൽ വിധി പ്രസ്‌താവിച്ചത്. സ്ത്രീകൾക്ക് പൂജാരിയാകുന്നതിന് ഭരണഘടനാവ്യവസ്ഥ തടസമല്ല എന്ന ആ വിധി മുഴുവൻ  ക്ഷേത്രങ്ങളെ സംബന്ധിച്ചും ബാധകമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു കാര്യം ഓർക്കേണ്ടത് നിയമങ്ങളും കോടതി വിധികളും കൊണ്ടുമാത്രം നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല, അതിന് ജനകീയ ഇടപെടലുകൾ വേണം എന്നതാണ്. അതിന്  ശാസ്ത്രബോധമുള്ള ജനങ്ങൾ വേണം. അതുകൊണ്ടാണ് പരിഷത്തിന്റെ ശാസ്ത്ര ബോധപ്രചരണത്തിനായുള്ള ഈ ക്യാമ്പയിൻ അതിപ്രധാനമായി കാണുന്നതെന്നും ചന്ദ്രു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top