29 March Friday

മാർ ജോസഫ്‌ പൗവത്തിൽ എന്നും ‘സഭയുടെ കിരീടം’

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

ചങ്ങനാശേരി> സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്‌ ആയിരുന്ന മാർ ജോസഫ് പൗവത്തിൽ (92) സഭാ കാര്യങ്ങളിലെ പാണ്ഡിത്യംകൊണ്ട്‌ ശ്രദ്ധേയമായ വ്യക്തിത്വം. ബനഡിക്ട് പതിനാറാമൻ മാർപാപ്പ ‘സഭയുടെ കിരീടം’ എന്നാണ്‌ മാർ പൗവത്തിലിനെ വിശേഷിപ്പിച്ചത്.  ആരാധനാക്രമ പരിഷ്കരണംമുതൽ വിദ്യാഭ്യാസമേഖലയിൽവരെ സ്വീകരിച്ച കർശന നിലപാടുകൾ ഇദ്ദേഹത്തെ വ്യത്യസ്‌തനാക്കി. മാർപാപ്പയിൽനിന്ന് അഭിഷേകം ലഭിച്ച സിറോമലബാർ സഭയിലെ ആദ്യ ബിഷപ്പാണ്‌ മാർ പൗവത്തിൽ. ഫെബ്രുവരി 13ന് റോമിലായിരുന്നു ചടങ്ങ്‌. പോൾ ആറാമൻ മാർപാപ്പയായിരുന്നു മുഖ്യകാർമികൻ. മാർ ആന്റണി പടിയറ ബിഷപ്പായിരിക്കെ 1972 ജനുവരി 29ന്‌ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി തെരഞ്ഞെടുത്തു.

1977 ഫെബ്രുവരിയിൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചപ്പോൾ ആദ്യ ബിഷപ്പായി. എട്ടുവർഷത്തിനുശേഷം മാർ ആന്റണി പടിയറ മേജർ ആർച്ച് ബിഷപ്‌ ആയതിനെതുടർന്ന് 1985 നവംബറിൽ മാർ പൗവത്തിലിനെ ചങ്ങനാശേരി ആർച്ച് ബിഷപ്പായി നിശ്‌ചയിച്ചു. 1986 ജനുവരി 17ന്‌ ആയിരുന്നു സ്ഥാനാരോഹണം.  2007 മാർച്ച് 19ന് വിരമിച്ചു. ഇതിനിടെ കെസിബിസി, സിബിസിഐ എന്നീ സമിതികളുടെ അധ്യക്ഷനായി. ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാനായും പ്രവർത്തിച്ചു.  

എക്കാലത്തും ഇടതുപക്ഷ ആശയങ്ങളുടെ കടുത്ത വിമർശകനായിരുന്നു. പല പ്രമുഖ വ്യക്തികളുമായി ആഴത്തിലുള്ള സൗഹൃദത്തിനും ഉടമയായിരുന്നു.  ചങ്ങനാശേരി എസ്ബി കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ചെന്നൈ ലയോള കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.  1962 ഒക്ടോബർ മൂന്നിനാണ്‌ പുരോഹിതനായത്‌. തുടർന്ന് എസ്ബി കോളേജിൽ പത്തുവർഷത്തോളം അധ്യാപകനായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം ഒട്ടേറെ പ്രമുഖരുടെ അധ്യാപകനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top