20 April Saturday

ഇന്ത്യൻ പൗരന്മാരുടെ വിദേശത്തുള്ള ഓഫ്‌ഷോർ ഷെൽ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ന്യൂഡൽഹി > ഇന്ത്യൻ പൗരന്മാർ വിദേശരാജ്യങ്ങളിൽ നികുതി വെട്ടിപ്പ് നടത്തുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ഓഫ്‌ഷോർ ഷെൽ കമ്പനി (കടലാസ്‌ കമ്പനികൾ) കളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ലെന്നും ഓഫ്‌ഷോർ കമ്പനികളിലെ ഉടമസ്ഥത കൊണ്ട് പ്രയോജനം ലഭിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പ്രത്യേക നടപടികൾ എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എംപി മാർച്ച് 21ന് രാജ്യസഭയിൽ  ഇന്ത്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോർ ഷെൽ കമ്പനികളെ കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ധനകാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന നിയമങ്ങളിലൊന്നും തന്നെ ‘ഓഫ്‌ഷോർ ഷെൽ കമ്പനി’ എന്ന ഒരു സംജ്ഞ നിർവചിച്ചിട്ടില്ലെന്നും ആയതിനാൽ തന്നെ ഇപ്രകാരമുള്ള കമ്പനികളുടെ വിശദാംശങ്ങൾ ശേഖരിക്കുകയോ അതിനുവേണ്ട നടപടികൾ  എടുക്കുകയോ ചെയ്യേണ്ടതില്ലെന്നുമുള്ള വിചിത്രവാദമാണ് ധനമന്ത്രാലയം മുന്നോട്ട് വച്ചത്. ഈ വിഷയത്തിലെ അനാസ്ഥയെ ന്യായീകരിക്കുന്നതിനു വേണ്ടി ഇത്തരം വിചിത്രവാദങ്ങൾ ഉയർത്തി സ്വയം അപഹാസ്യരാകുകയാണ് കേന്ദ്രം.

കൂടാതെ പനാമ പേപ്പർ, പാരഡൈസ് പേപ്പർ, പണ്ടോറ പേപ്പർ  എന്നീ വെളിപ്പെടുത്തലുകളിലൂടെ  പുറത്തുവന്ന  ഇന്ത്യൻ  പൗരന്മാരുടെ വിശദാംശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറായില്ല. ഈ വെളിപ്പെടുത്തലുകളിൽ പരാമർശിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മൊത്തം എണ്ണമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താതെ ഭാഗികമായ വിവരങ്ങൾ മാത്രമാണ് കേന്ദ്രം നൽകിയത്. പനാമ, പാരഡൈസ് പേപ്പർ വെളിപ്പെടുത്തലുകളിൽ 31.12.2022 വരെ 13,800 കോടി രൂപയോളം വെളിപ്പെടുത്താത്ത വരുമാനം നികുതിയുടെ പരിധിയിൽ കൊണ്ടുവന്നെന്നും കൂടാതെ പണ്ടോറ വെളിപ്പെടുത്തലുകളിൽ പരാമർശിച്ചിട്ടുള്ള 250ലധികം ഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നുണ്ട്.

എന്നാൽ ഈ മൂന്ന് വെളിപ്പെടുത്തലുകളിലും കൂടി മൊത്തം എത്ര ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നോ ഇനിയും എത്രപേർക്കെതിരെ നടപടികൾ സ്വീകരിക്കാനുണ്ടെന്നോ കേന്ദ്രം വ്യക്തമാക്കുന്നില്ല.  ഇതു കൂടാതെ എച്ച്.എസ്.ബി.സി ബാങ്കിലെ അനധികൃത വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ 8468 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം നികുതിയുടെ പരിധിയിൽ കൊണ്ടുവന്നെന്നും ആയതിൽ 1294 കോടി രൂപയ്ക്ക് മുകളിൽ  പി‍ഴ ഇനത്തിൽ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.  ഇനിയും നടപടിയെടുക്കാത്ത കേസുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇത് സംബന്ധിച്ച മറ്റൊരു ശ്രദ്ധേയമായ വസ്തുത 2015 ജൂലൈ മുതൽ സെപ്റ്റംബർ വരെ കേന്ദ്രസർക്കാർ നടപ്പാക്കിയ ഒറ്റത്തവണ വെളിപ്പെടുത്തൽ സ്കീമിൽ 4164 കോടി രൂപയുടെ അനധികൃത വിദേശ ആസ്‌തികൾ ക്രമപ്പെടുത്തി എന്നതാണ്.  648 കേസുകളിലായി നടത്തിയ ഈ ക്രമപ്പെടുത്തലിൽ നികുതി, പിഴ എന്നീ ഇനങ്ങളിൽ 2470 കോടി രൂപ ഈടാക്കി എന്നും കേന്ദ്രം വ്യക്തമാക്കുന്നു.  വിദേശനിക്ഷേപത്തിന്റെ കണക്ക് ഇതായിരിക്കെ രാജ്യത്തിന്റെ അകത്തുണ്ടായിരുന്ന വെളിപ്പെടുത്താത്ത നിക്ഷേപം എത്രമടങ്ങായിരുന്നിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളു. 2016ലെ നോട്ടുനിരോധനത്തിനു തൊട്ടു മുമ്പ് ഇത്തരം ഒരു ഒറ്റതവണ വെളിപ്പെടുത്തൽ സ്കീം നടപ്പിലാക്കിയതിന്റെ ഉദ്ദേശ്യശുദ്ധി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഇന്ത്യൻ പൗരന്മാർ നികുതി വെട്ടിപ്പ് നടത്തുന്നതിനായി വിദേശരാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓഫ് ഷോർ ഷെൽ കമ്പനികളെ കുറിച്ചും അവയിലെ നിക്ഷേപങ്ങളെ കുറിച്ചും ഒരു സമഗ്ര അന്വേഷണത്തിന് കേന്ദ്രസർക്കാർ എത്രയും വേഗം തയ്യാറാകണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top