20 April Saturday

ജിയോ ടാഗ്‌ : സംഘർഷ മോഹികൾക്ക്‌ തിരിച്ചടി ; ജിപിഎസ്‌ സർവേയും തടയുമെന്ന്‌ 
വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം  
സിൽവർലൈൻ സാമൂഹ്യാഘാത പഠനം വേഗത്തിലാക്കാൻ ത്രിമാന പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കെ–-റെയിൽ തീരുമാനത്തിൽ പ്രഹരമേറ്റത്‌ സംഘർഷത്തിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക്‌.

സ്ഥല ഉടമകൾക്ക്‌ സമ്മതമുള്ള പ്രദേശത്ത്‌ ഇപ്പോഴുള്ളതുപോലെ കല്ലിടും. പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളിടത്ത്‌ ജിയോ ടാഗിങ്‌ നടത്തും. കെട്ടിടമോ മറ്റ്‌ സ്ഥാവരവസ്തുക്കളോ ഉണ്ടെങ്കിൽ അതിൽ മാർക്ക്‌ചെയ്തും അതിർത്തി നിർണയിക്കും. ഇതിലൂടെ വ്യക്തമായത്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുറന്ന നയം. സംഘർഷമുണ്ടാക്കിയല്ല വികസനം നടത്തുന്നതെന്ന്‌ സർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്‌. എന്നാൽ, എങ്ങനെയും സംഘർഷമുണ്ടാക്കാനും വെടിവയ്പ്‌ അടക്കം നടത്തി കലാപത്തിലേക്ക്‌ എത്തിക്കാനുമാണ്‌ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്‌. അതിനൊരു കുറുക്കുവഴിയായി സിൽവർ ലൈനിനെ കാണുകയായിരുന്നു.

കേന്ദ്രസർക്കാർ അനുമതിക്കു ശേഷമേ സ്ഥലം ഏറ്റെടുക്കൂവെന്നും സ്ഥലത്തിനും കെട്ടിടങ്ങൾക്കും വസ്തുക്കൾക്കും മതിയായ വില നൽകുമെന്നും സർക്കാർ അറിയിച്ചതാണ്‌. സാമൂഹ്യ ആഘാത പഠനം പദ്ധതി പ്രദേശത്തുള്ളവരുടെ ഗുണത്തിനാണ്‌. ആർക്കും പഠിക്കാനും പരിശോധിക്കാനും കഴിയുംവിധം വിശദപദ്ധതി രേഖയും ( ഡിപിആർ ) പ്രസിദ്ധീകരിച്ചു.

സ്ഥലം വിട്ടുകൊടുക്കേണ്ടിവരുന്നവർക്കുള്ള ആശങ്ക സ്വാഭാവികമാണ്‌. അവരിൽ ചിലരെ ഭയപ്പെടുത്തി കൈയിലെടുക്കാനും സർവേ ചിലയിടത്ത്‌ തടയാനുമാണ്‌ കോൺഗ്രസ്‌ ശ്രമിച്ചത്‌. അതിവേഗപാതയ്ക്കുവേണ്ടി ഇറങ്ങി പുറപ്പെട്ടവരാണ്‌ അതിന്റെ പകുതി ചെലവുള്ള അർധ അതിവേഗപാത വേണ്ടെന്ന്‌ പറയുന്നത്‌. എന്നാൽ, സർക്കാരും കെ–-റെയിലും സംയുക്തമായി  നടത്തിയ ബോധവൽക്കരണ, സംവാദ പരിപാടികളിലൂടെ ഭൂരിപക്ഷം ജനങ്ങൾക്കും വസ്തുത ബോധ്യപ്പെട്ടു. കോൺഗ്രസ്‌ പ്രവർത്തകർ പിഴുതെറിഞ്ഞ കല്ലുകൾ ഒട്ടേറെ സ്ഥലത്ത്‌ സ്ഥല ഉടമകൾതന്നെ തിരിച്ചിട്ടു. സർവേ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കല്ലിട്ടവരുമുണ്ട്‌. ചില പ്രദേശത്ത്‌ സംഘർഷമുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കണ്ട്‌  അതിനുള്ള അവസരം ഇല്ലാതാക്കാനാണ്‌ സർക്കാർ ശ്രമം.

ജിപിഎസ്‌ സർവേയും തടയുമെന്ന്‌ 
വി ഡി സതീശൻ
കെ റെയിൽ സാമൂഹ്യാഘാത പഠനത്തിനുള്ള ജിപിഎസ്‌ സർവേയും തടയുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ.  
സാമൂഹ്യാഘാത പഠനറിപ്പോർട്ട്‌ എന്തായാലും കെ റെയിൽ നടപ്പാക്കുമെന്നാണ്‌ സർക്കാർ നിലപാടെന്നും ജിപിഎസ് സർവേയും തടയുന്നതിന് ഇതാണ് കാരണമെന്നും പ്രതിപക്ഷനേതാവ്‌ ചൊവ്വാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കല്ലിടലിനുപകരം ജിപിഎസ്‌ സർവേ വേണമെന്ന്‌ കോൺഗ്രസ്‌ നേരത്തേ ആവശ്യപ്പെട്ടതാണെന്നും അത്‌ സ്വാഗതാർഹമാണെന്നുമാണ്‌ തിങ്കളാഴ്‌ച കെപിസിസി പ്രസിഡന്റ്‌ കൊച്ചിയിൽ  പറഞ്ഞത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top