18 April Thursday
ആത്മ നിയന്ത്രണം
 നഷ്ടമായെന്ന് ദി ഹിന്ദു , അനുരഞ്ജനമാണ്‌ സർക്കാർ തേടിയിരുന്നതെന്ന്‌ മനോരമ

പ്രതിസന്ധി ഒഴിവാക്കേണ്ടത്‌ 
ഗവർണറെന്ന്‌ ‘ജന്മഭൂമി’യും ; ഒടുവിൽ സത്യം പറഞ്ഞ്‌ മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


തിരുവനന്തപുരം  
ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാന്റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ ബിജെപി മുഖപത്രമായ ജന്മഭൂമിയും. ബുധനാഴ്‌ച മിക്ക പത്രങ്ങളും ഗവർണറുടെ നിലപാടുകളെ മുഖപ്രസംഗത്തിലടക്കം തള്ളിപ്പറഞ്ഞു. പ്രതിസന്ധി ഒഴിവാക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് ജന്മഭൂമി തുറന്നെഴുതി. ഭരണഘടനാ പ്രതിസന്ധിയിലേക്ക്‌ സ്ഥിതിഗതികൾ നീങ്ങുന്നത്‌ തടയാനുള്ള ഇടപെടലുകൾ ഗവർണറിൽനിന്നുതന്നെ ഉണ്ടാകണമെന്ന ആഗ്രഹമാണ് ‘ജന്മഭൂമി’ മുഖപ്രസംഗത്തിൽ പങ്കുവയ്‌ക്കുന്നത്‌‌. ഗവർണറുടെ നിലപാടുകളിൽ ജന്മഭൂമിക്കും ബിജെപിക്കും മടുപ്പുവന്നുതുടങ്ങിയെന്നും ഇതിൽനിന്ന്‌ വ്യക്തം.

ഗവർണറുമായി അനുരഞ്ജനമാണ്‌ സർക്കാർ തേടിയിരുന്നതെന്ന്‌ ‘മനോരമ’ സമ്മതിക്കുന്നു. ഒരുഘട്ടത്തിൽ ചാൻസലർ സ്ഥാനമൊഴിയാൻവരെ തയ്യാറെടുത്തതാണ്‌ ഗവർണർ. അന്ന്‌ ഗവർണറെ നോവിക്കാതെ അനുരഞ്ജനപാത തേടുകയായിരുന്നു‌ മുഖ്യമന്ത്രിയെന്ന്‌ മനോരമ.‌ ബില്ലുകൾ ഒപ്പിടുന്നത്‌ ഭരണഘടനാ ബാധ്യതയാണെന്നിരിക്കെ, വച്ചുനീട്ടാനല്ലാതെ തള്ളാൻ ഗവർണർക്കാകില്ലെന്നും മനോരമ വ്യക്‌തമാക്കുന്നു.

നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കണമെങ്കിൽ പൊതുഭരണ സെക്രട്ടറിയെ മാറ്റണമെന്ന്‌ ശഠിച്ച്‌ സർക്കാരിനെ മുൾമുനയിൽ നിർത്തി, ആവശ്യം അംഗീകരിപ്പിച്ചതിനെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ്‌ ഇപ്പോൾ ഉണ്ടാകുന്നതെന്ന്‌ ‘മാതൃഭൂമി’ മുഖപ്രസംഗം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ഗവർണറുടെയും ഭരണഘടനാനുസൃതമായ  അധികാരാവകാശങ്ങൾ ഇരുവരും അംഗീകരിച്ച്‌ പരസ്‌പര ബഹുമാനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മാതൃഭൂമി പറയുന്നു.

ആത്മ നിയന്ത്രണം
 നഷ്ടമായെന്ന് ദി ഹിന്ദു
മുഴുനീള വാർത്താസമ്മേളനത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ പെരുമാറിയ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണറുടെ ഓഫീസിന്റെ മഹത്വം ഇല്ലാതാക്കിയെന്ന്‌ ദി ഹിന്ദു  ബുധനാഴ്‌ച മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാത്ത, കേന്ദ്ര സർക്കാരാൽ നിയമിക്കപ്പെടുന്ന ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ജനസമ്മതിയെ മാനിക്കാൻ തയ്യാറാകണമെന്ന്‌ ദി ഹിന്ദു ഓർമിപ്പിച്ചു.

ഒഴിവാക്കാനാകുമായിരുന്ന പതനത്തിലേക്കാണ്‌ ഗവർണർ എത്തിപ്പെട്ടത്‌. സിപിഐ എം നേതാക്കളെ ദേശവിരുദ്ധരും സ്വജനപക്ഷപാതികളും സാമൂഹ്യവിരുദ്ധരുമായി ചിത്രീകരിക്കാനാണ്‌ ഗവർണർ ശ്രമിച്ചത്‌. പദവിക്ക്‌ യോജിക്കാത്ത തരത്തിലുള്ള വിമർശമാണ്‌ അദ്ദേഹം സർക്കാരിനുനേരെ നടത്തിയത്‌. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനകീയ ഭൂരിപക്ഷമാണ്‌. സർക്കാരും ഗവർണറും സമാധാനാന്തരീക്ഷത്തിൽ പരിഹാരമാർഗം കണ്ടെത്തി നാടിന്റെ വികസനം ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖപ്രസംഗം തുടർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top