16 April Tuesday

പ്രതിപക്ഷം നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കുന്നു: ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കൊല്ലം> നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കുന്ന പ്രതിപക്ഷത്തിന്റെ ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന ഘട്ടത്തിൽ  കോൺഗ്രസ്‌ പാർടിയിൽ പ്രാമാണിത്തവും അധികാരവും സ്ഥാപിക്കാൻ നിയസഭയെ  പ്രതിപക്ഷ നേതാവ്‌ കയ്യാങ്കളിയെുടെ വേദിയാക്കുകയാണ്‌. രാജ്യത്ത്‌ തന്നെ ഏറ്റവും കുടുതൽ ദിവസവും നന്നായും പ്രവർത്തിക്കുന്ന നിയമസഭയെ നോക്കുകുത്തിയായാക്കി നിർത്തയല്ല പാർടിക്കുള്ളിൽ അധികാരവും അംഗീകാരവും നേടേണ്ടേതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന്‌ പാർടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ്‌ ഞാൻ ‘കേമനായ’ നേതാവാണ്‌ എന്ന്‌ കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വ്യക്തിപരമായ ആരോപണങ്ങളും ആക്രോശങ്ങളും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ജനങ്ങൾക്ക്‌ മുമ്പിലും സഭയിലും അമ്പേ പരാജയപ്പെട്ട നേതൃത്വം ഗുണ്ടാസമാനമായ പ്രവർത്തനത്തിലുടെ പാർടിയിൽ പ്രാമാണിത്തം നേടാനാണ്‌ ശ്രമിക്കുന്നത്‌. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾക്ക്‌ ഇത്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ട്‌.

നിയമസഭയിൽ പ്രതിപക്ഷത്തിന്‌ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്‌. അടിയന്തരപ്രമേയ നോട്ടീസ്‌ സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ നിശ്‌ചയിക്കാനുള്ള അവകാശം സ്‌‌പീക്കർക്കുമുണ്ട്‌. എന്നാൽ സഭയിലെ പ്രതിഷേധത്തിന്‌ ശേഷം സ്‌‌പീക്കറുടെ ഓഫീസ്‌ ഉപരോധിക്കുക എന്നത്‌ കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ്‌. പാർലമെന്ററി ജനാധിപത്യത്തിന്റെ കാവലാളാണ്‌ സ്‌പീക്കർ. അദ്ദേഹത്തെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക എന്നു പറഞ്ഞാൽ ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ പ്രവർത്തനമാണ്‌. സ്‌‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ച പ്രതിപക്ഷത്തിന്റെ സമീപനം ജനാധിപത്യപ്രക്രിയയോടുള്ള യുഡിഎഫിന്റെ അസഹിഷ്‌ണുതയാണ്‌ വ്യക്തമാക്കുന്നത്‌.

സ്‌‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക അതിന്‌ ശേഷം അദ്ദേഹത്തിന്റെ ഓഫീസ്‌ ഉപരോധിക്കുക, സ്‌‌പീക്കർക്ക്‌ സുരക്ഷ ഒരുക്കിയ വാച്ച്‌ വാർഡിനെ മർദ്ദിക്കുക ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല. മോദിയുടെ ജനാധിപത്യഹത്യ അതേപടി പ്രതിപക്ഷം കേരളത്തിലും പകർത്തുകയാണ്‌. ഈ ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം കേരളത്തിൽ ഉയരണം. എല്ലാമത നിരപേക്ഷ ജനാധിപത്യ വാദികളും ഇതിൽപ്രതിഷേധത്തിൽ അണിചേരണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.  

ബ്രഹ്‌മപുരം മാലന്യപ്ലാന്റിൽ തീപ്പിടിത്തമുണ്ടായതിനെക്കുറിച്ച്‌ വിജിൻസ്‌ ഉൾപ്പെടെ സമഗ്ര അന്വേഷണം നടത്താനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്‌. ഇത്തരമൊരു ദുരന്തംആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ്‌ ഇനി വേണ്ടത്‌. സർക്കാർ പ്രഖ്യാപിച്ച ത്രരിതല അന്വേഷണം ആ ലക്ഷ്യം വെച്ചുള്ളതാണെന്നും അതുമായി എല്ലാവരും സഹരിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top