17 April Wednesday

അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ "ജനജാഗ്രത' വെബ്‌സൈറ്റ്‌; പേര്‌ പുറത്തുവിട്ട്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

തിരുവനന്തപുരം > അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് തെളിവുകള്‍ സഹിതം നല്‍കാനായി ആരംഭിക്കുന്ന വെബ്‌സൈറ്റിന്‌ "ജനജാഗ്രത' എന്ന്‌ പേര്‌ നൽകുമെന്ന്‌ മുഖ്യമന്ത്രി. അഴിമതി തുടച്ചുനീക്കുക എന്നത് ഈ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. അതില്‍ ഒരു ചുവടുവെയ്പ്പുകൂടി നടത്തുകയാണിപ്പോള്‍. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി അഴിമതിമുക്ത കേരളം എന്നതാണ് ലക്ഷ്യംവക്കുന്നത്. വെബ്സൈറ്റിന്‍റെ പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 740ഓളം വ്യക്തികള്‍ പേരുകള്‍ നിര്‍ദേശിക്കുകയുണ്ടായി. അതില്‍ നിന്നാണ് ജനജാഗ്രത എന്ന പേര് തെരഞ്ഞെടുത്തത്. 7 പേര്‍ ജനജാഗ്രത എന്ന പേര്‍ നിര്‍ദേശിച്ചു. അതില്‍ ആദ്യം നിര്‍ദേശിച്ച ആളെയാണ് വിജയിയായി കണ്ടെത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് മുഖാന്തിരം അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. വെബ്സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു ലെവലില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാന്‍ സാധിക്കും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയും.

സര്‍ക്കാര്‍ ഉദോഗസ്ഥര്‍ പലപ്പോഴും ഭയക്കുന്നത് തങ്ങള്‍ക്കെതിരെ മനഃപൂര്‍വ്വം ചിലരെങ്കിലും വ്യാജ അഴിമതി പരാതികള്‍ നല്‍കുന്നുവെന്നതാണ്. ഈ വെബ്സൈറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകുകയാണ്. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്സൈറ്റ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ല. പൂര്‍ണമായി ജനങ്ങളുടെ പിന്തുണയോടുകൂടി മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാര്‍ട്ട് ഫോണ്‍ വഴി ഏതൊരാള്‍ക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top