കോഴിക്കോട്> വൈകിട്ടത്തെ ഷൊർണൂർ– കോഴിക്കോട്– കണ്ണൂർ യാത്ര കൂടുതൽ ദുരിതത്തിലേക്ക്. എക്‌സിക്യൂട്ടീവ്, ജനശതാബ്‌ദി എക്‌സ്‌പ്രസുകൾ കണ്ണൂരിലെത്തുക നിലവിലുള്ളതിനെക്കാൾ അരമണിക്കൂർ വൈകി. എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് (16307) അവസാന സ്‌റ്റേഷനായ കണ്ണൂരിൽ അർധരാത്രി 12.30നാകും യാത്ര അവസാനിപ്പിക്കുക. ഇപ്പോൾ 12.05 ആണ് സമയം. തിരുവനന്തപുരം– കണ്ണൂർ ജനശതാബ്‌ദി (12082) 35 മിനിറ്റ് വൈകി അർധരാത്രി 12.50നാകും എത്തുക. മറ്റു സ്‌റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ല. ഞായർ മുതൽ സമയമാറ്റം നിലവിൽവന്നു.
പുതിയ വന്ദേഭാരതിന്റെ സർവീസിനുശേഷം ദിവസങ്ങളായി വൈകുന്ന വണ്ടികളിലാണ് സമയമാറ്റം. കൂടുതൽനേരം പിടിച്ചിടാനാണോ പുതിയ ക്രമീകരണം എന്ന ആശങ്കയിലാണ് യാത്രികർ. പുതിയ വന്ദേഭാരതിന്റെ വരവോടെ ഒരു മണിക്കൂറോളം വൈകിയാണ് കോഴിക്കോട് സ്‌റ്റേഷനിൽ എക്‌സിക്യൂട്ടീവ് എത്തുന്നത്. രാത്രി 9.22ന് കോഴിക്കോട് എത്തി 9.25ന് സ്‌റ്റേഷൻ വിടേണ്ട വണ്ടി പത്തരയോടെയാണ് എത്തുന്നത്. കാസർകോട്ടേക്കുള്ള രണ്ടാമത്തെ വന്ദേഭാരതിന്റെ കോഴിക്കോട്ടെ സമയം രാത്രി 9.23 ആണ്. വന്ദേഭാരതിന് കടന്നുപോകാൻ തിരൂരിനുശേഷമുള്ള സ്‌റ്റേഷനുകളിൽ എക്‌സിക്യൂട്ടീവ് പിടിച്ചിടുകയാണ് പതിവ്. സാധാരണക്കാർ ആശ്രയിക്കുന്ന പ്രതിദിന, പ്രതിവാര വണ്ടികളെ വന്ദേഭാരതിന് കടന്നുപോകാൻ പിടിച്ചിടുമോ എന്ന ആശങ്ക തുടക്കംമുതലുണ്ടായിരുന്നു. അത് ശരിവയ്‌ക്കുന്ന കാര്യങ്ങളാണുണ്ടായതും. എക്‌സിക്യൂട്ടീവ് വൈകുന്നതിനാൽ നിലവിൽ വൈകിട്ട് 6.15ന്റെ കോയമ്പത്തൂർ– കണ്ണൂർ എക്‌സ്‌പ്രസ് കഴിഞ്ഞാൽ കോഴിക്കോടുനിന്ന് വടക്കോട്ടുള്ള വണ്ടിക്ക് നാല് മണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഷൊർണൂർ–- കോഴിക്കോട് റൂട്ടിൽ ഒരു മാസത്തിനിടെ രണ്ട് പ്രതിദിന അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് നിർത്തുകയും രണ്ടു മാസത്തിനിടെ നാല് സർവീസുകളുടെ സമയം 20 മിനിറ്റുമുതൽ മൂന്നു മണിക്കൂർവരെയും മാറ്റുകയുംചെയ്‌തിരുന്നു. അറ്റകുറ്റപ്പണിയും മൺസൂൺ തുടങ്ങിയ കാരണം പറഞ്ഞായിരുന്നു മാറ്റങ്ങളെങ്കിലും ഈ ഇടവേളയിലാണ് വന്ദേഭാരത് ഓടുന്നത്. പുതിയ സമയമാറ്റത്തിലും പ്രത്യേക വിശദീകരണമൊന്നും റെയിൽവേ നൽകുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..