29 March Friday

ജമാഅത്തെ ഇസ്ലാമി ഭിന്നിപ്പിക്കലിൽ സന്തോഷം കണ്ടെത്തുന്നു; ലേഖനവുമായി സമസ്‌ത മുഖപത്രം സുപ്രഭാതം

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

കൊച്ചി > ജമാഅത്തെ ഇസ്ലാമി സമുദായത്തിൽ വിള്ളൽ ഉണ്ടാക്കുന്നുവെന്ന ലേഖനവുമായി സമസ്‌ത മുഖപത്രം സുപ്രഭാതം. സമുദായം ചേർത്തുനിൽപ്പിനായി കഠിനാധ്വാനം ചെയ്‌ത കാലത്തെല്ലാം വേർപെട്ടും വേർപെടുത്തിയും സാമുദായിക സംഘശക്തിയെ ദുർബലപ്പെടുത്താനുള്ള ദൃശ്യവും അദൃശ്യവുമായ പണികൾ ദുഷ്‌ടലാക്കോടെ ചെയ്‌ത ചരിത്രമാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകത്തിനുള്ളതെന്നും ലേഖനത്തിൽ പറയുന്നു. "ഭിന്നിപ്പിക്കലിൽ സന്തോഷം കണ്ടെത്തുന്ന ജമാഅത്തെ ഇസ്ലാമി' എന്ന തലക്കെട്ടിൽ ശഫീഖ്‌ പന്നൂർ എഴുതിയ ലേഖനമാണ്‌ സുപ്രഭാതം പ്രസിദ്ധീകരിച്ചത്‌.

പുറമെ പുഞ്ചിരിയുടേയും ഐക്യത്തിന്റേയും പൂമാലകള്‍ വിതറി അകമില്‍ ഭിന്നതയുടെ തീകനലുകള്‍ ആളിക്കത്തിക്കുന്ന ദൗത്യം അവരുടെ മാധ്യമ സംവിധാനങ്ങള്‍ വഴി എല്ലായെപ്പോഴും നടത്തികൊണ്ടിരിക്കുകയാണെന്ന്‌ ലേഖനത്തിൽ പറയുന്നു.

ലേഖനത്തിൽനിന്ന്‌:

ചേര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അകറ്റി, തമ്മിലടിപ്പിച്ച് ചോര കുടിച്ച് അടുത്ത ഇരയെത്തേടി പോകും. ഇതിനിടയില്‍ പുട്ടിനു പീര പോലെ സമുദായ ഐക്യത്തിനായുള്ള ക്ലാസ് മുസ് ലിം സംഘടനകള്‍ക്കെല്ലാം സൗജന്യമായി നല്‍കുകയും ചെയ്യും. ജമാഅത്തിന്റെ ഈ തുരപ്പിസത്തിന് ഏറ്റവും വലിയ വില നല്‍കേണ്ടിവന്നത് മുസ് ലിം ലീഗ് തന്നെയാണ്. മുസ് ലിം ലീഗ് എന്ന ബഹുജനാടിത്തറയുള്ള പാര്‍ട്ടിയിലെ സ്വാഭാവിക അഭിപ്രായ ഭിന്നതകളേയും രാഷ്ട്രീയ വിയോജിപ്പുകളേയും വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കി കുട്ടിച്ചോറാക്കിയ ജമാഅത്ത് കഥകള്‍ മറക്കാനായിട്ടില്ല.

കേരളത്തിലെ മത രാഷ്‌ട്രീയ സംഘടനകള്‍ക്കൊന്നും ഉശിരും ഉയിരും ഇല്ലെന്നും പറഞ്ഞ് സമുദായത്തെ സംരക്ഷിക്കാനിറങ്ങിയ എന്‍ഡിഎഫിനും പോപുലര്‍ ഫ്രണ്ടിനും വെള്ളവും വളവും നല്‍കിയതും ജമാഅത്തെ ഇസ്ലാമിയാണ്‌. വിവേകവും ബുദ്ധിയും ധിഷണയും ഉപയോഗിച്ച് ദീര്‍ഘ വീക്ഷണത്തോടെ നിലപാടുകള്‍ സ്വീകരിച്ച കേരളത്തിലെ സാമുദായിക നേതൃത്വത്തെ ഭീരുക്കളാക്കി അവതരിപ്പിച്ചു. അതിവൈകാരികതയുടേയും അപരവിദ്വേഷത്തിന്റേയും കനലുകളിലേക്ക് അടുപ്പിക്കാതെ ഈ സംഘടനകള്‍ കാത്തുസംരക്ഷിച്ച യുവ സമൂഹത്തെ അടര്‍ത്തിമാറ്റി തീവ്ര സംഘടനകളുടെ കാവലാളുകളും പണിയാളുകളുമാക്കി മാറ്റി. എന്‍ഐഎ വന്ന് ഒറ്റ രാത്രി കൊണ്ട് പോപുലര്‍ ഫ്രണ്ട് നേതാക്കളെ തീഹാര്‍ ജയിലിലാക്കിയപ്പോള്‍ ജമാഅത്തിന്റെ മറ്റൊരു ദൗത്യവും കൂടി ‘ഫലപ്രാപ്‌തി’യിലായി. മനുഷ്യാവകാശം പോലും ഹനിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഈ നേതാക്കള്‍ക്കായി പേരിനെങ്കിലും മനുഷ്യാവകാശ പോരാട്ടം നടത്താന്‍ പോലും ഇപ്പോള്‍ ജമാഅത്തിനെ കാണാനില്ല. പകരം ഇതാഗ്രിഹിച്ച ആര്‍എസ്‌എസുമായി രഹസ്യചര്‍ച്ച നടത്തുകയും ചെയ്യുന്നു.

കേരളത്തിലെ സാമുദായിക നവോത്ഥാന ചരിത്രത്തില്‍ പരസ്‌പം അടര്‍ത്തി മാറ്റാന്‍ കഴിയാത്ത വിധത്തില്‍ പ്രവര്‍ത്തിച്ച സംഘടനകളാണ് സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമയും ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗും. മതരംഗത്ത് സമസ്‌തയും രാഷ്‌ട്രീയ മേഖലയില്‍ ലീഗും പുരോഗതിയുടെ പുതിയ വീഥികള്‍ പണിയുകയാണ്. എന്നാല്‍, ഈ രണ്ടു സംഘടനകളേയും നേതാക്കളേയും ഭിന്നിപ്പിക്കാനായി ജമാഅത്ത് പ്രത്യേക അലവന്‍സ് കൊടുത്ത് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വലിയ രണ്ടു ബഹുജന സംഘടന എന്ന രീതിയില്‍ ഉണ്ടാകുന്ന സ്വാഭാവികമായ വിയോജിപ്പുകളും സംഘടനാ പ്രശ്‌നങ്ങളുമെല്ലാം രണ്ട് സംഘടനകളുടേയും നേതൃത്വം പരിഹരിച്ചു മനോഹരമായി മുന്നോട്ട് കൊണ്ടു പോയതാണ് ചരിത്രം. എന്നാല്‍, രണ്ട് സംഘടനകളുടെയും നേതാക്കളുടേയും അണികളുടേയും ഇടയില്‍ തെറ്റിദ്ധാരണ പരത്താനായി ജമാഅത്തെ ഇസ് ലാമി ചെയ്യുന്ന കുല്‍സിത ശ്രമങ്ങളെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട് - ലേഖനത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top