കോട്ടയം
പുതുപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫിന്റെ രാഷ്‌ട്രീയ അടിത്തറ ദുർബലമായിട്ടില്ലെന്നാണ് വോട്ടിന്റെ കണക്ക് വ്യക്തമാക്കുന്നതെന്ന് സ്ഥാനാർഥി ജെയ്‌ക് സി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന് ലഭിച്ചത് 39,483 വോട്ടാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 36,667 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 42,425 ആയി. എൽഡിഎഫിന്റെ വോട്ടുകൾ ചോർന്നിട്ടില്ലെന്ന് ഈ കണക്കുകൾ നോക്കിയാൽ മനസ്സിലാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേത് പോലെ ഇത്തവണ മണ്ഡലത്തിൽ രാഷ്ട്രീയം അധികം ചർച്ച ചെയ്യപ്പെട്ടില്ല. രാഷ്‌ട്രീയം ചർച്ചചെയ്യാൻ ക്ഷണിച്ചപ്പോൾ പ്രതിപക്ഷനേതാവ് എന്താണ് വിളിച്ചതെന്ന് എല്ലാവരും കേട്ടതാണ്. ഭരണവിരുദ്ധ വികാരം എന്നൊക്കെ യുഡിഎഫ് നേതാക്കൾ പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഭരണവിരുദ്ധവികാരം ഉണ്ടായെന്ന് അവർക്കും കൃത്യമായി പറയാൻ കഴിയുന്നില്ല.
ബിജെപിയുടെ വോട്ട് എങ്ങനെ യുഡിഎഫിന് കിട്ടിയെന്ന് അവർ തന്നെ പറയട്ടെ. പ്രചാരണത്തിൽ ഞങ്ങൾ മുന്നോട്ടുവച്ചത് വികസന പ്രശ്‌നങ്ങളും നാടിന്റെ ആവശ്യങ്ങളുമായിരുന്നെന്നും ജെയ്‌ക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..