17 April Wednesday
പ്രതിപക്ഷാഭിപ്രായം പ്രധാനം

കേരളം രാജ്യത്തിന്‌ മാതൃക; സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നാടെന്ന്‌ ഉപരാഷ്‌ട്രപതി

സ്വന്തം ലേഖകൻUpdated: Monday May 22, 2023

Photo Credit:Jagdeep Dhankhar/Facebook

തിരുവനന്തപുരം > ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിന്‌ പ്രധാന്യം നൽകണമെന്ന്‌ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻകർ. ഭരണഘടനാ നിർമാണ സഭയിൽ നിന്ന്‌ ഇതിനുള്ള ഊർജമുൾക്കൊള്ളണമെന്നും നിയമസഭ മന്ദിരത്തിന്റെ സിൽവർജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.

ദീർഘവീക്ഷണത്തിനും സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട സംസ്ഥാനമാണ്‌ കേരളം. മറ്റ് നിയമസഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമനപരമായ നിയമനിർമാണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്‌. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വ്യാപനം ഇവിടെയാണ്‌. സംസ്ഥാനമെന്നും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നാടാണിത്‌. സംസ്ഥാനത്തിന്റെ ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയും പുരോഗമനപരമായ തൊഴിൽ സംസ്‌കാരവും ഭരണനിർവഹണത്തിൽ പുതിയ പാതകൾ രചിക്കാൻ സഹായിക്കും. ആഭ്യന്തര ഉൽപ്പാദനത്തിന് വലിയ സംഭാവന നൽകിയ പ്രവാസിമലയാളികൾ അഭിനന്ദനമർഹിക്കുന്നു.

വിഭിന്നമായ കാഴ്‌ചപ്പാടിനോടുള്ള അസഹിഷ്‌ണുതയുടെ ആശങ്കജനകമായ പ്രവണത ഇല്ലാതാക്കണം. ഭിന്ന വീക്ഷണത്തോടുള്ള അസഹിഷ്‌ണുത ആശങ്കജനകമായ പ്രവണതയാണ്‌. ജനാധിപത്യത്തിൽ എല്ലാ പ്രശ്‌നങ്ങളും പക്ഷപാതപരമായ കണ്ണടയിലൂടെ വിലയിരുത്താനാവില്ല. അവിടെ ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യമുണ്ട്. കേരളത്തിലെ നിയമസഭാ സാമാജികർ ബാക്കിയുള്ള സംസ്ഥാന നിയമസഭകളിലേക്ക് വഴി കാണിക്കുമെന്നതിൽ സംശയമില്ല.

വിഷയത്തിലേക്ക് ഇറങ്ങിചെന്നുവേണം നിയമസഭാ സാമാജികരും സഭ നിയന്ത്രിക്കുന്നവരും അസ്വാസ്ഥ്യങ്ങൾ പരിഹരിക്കേണ്ടത്.   സമാനതകളില്ലാത്ത വൈവിധ്യം ഏകത്വത്തിൽ ലയിക്കുന്ന  വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സേവിക്കാനും ജനാധിപത്യ മൂല്യങ്ങളെ മുന്നോട്ട്‌ കൊണ്ടുപോകാനും പരസ്‌പര വിശ്വാസവും ബഹുമാനവും അടയാളപ്പെടുത്തുന്ന സ്ഥാപനപരമായ തടസമില്ലാത്ത ബന്ധമാണാവശ്യം. ഭരണഘടനാ സ്ഥാപനങ്ങളുടെ സമന്വയമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യകരമായ അന്തരീക്ഷം ഉത്തേജിപ്പിക്കാൻ സഭകൾക്കാകണം.

ഭരണഘടനാ പദവിയിലിരിക്കുന്നവർ തങ്ങളുടെ പെരുമാറ്റത്തെ ഔചിത്യം, അന്തസ്, മര്യാദ എന്നിവയുടെ ഉയർന്ന നിലവാരം ഉപയോഗിച്ച് മാതൃകയാക്കണം. നിയമസഭാ പുസ്തകോത്സവത്തിന്റെ സുവനീർ ഉപരാഷ്ട്രപതി പ്രകാശനം ചെയ്‌തു. നിയമസഭാ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്‌തു. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി  കെ രാധാകൃഷ്‌ണൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top