24 April Wednesday

ജഗതിക്ക്‌ 70; ബാക്കിയുണ്ട്‌ ഏഴായിരം ഭാവങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021


വെള്ളിത്തിരയെ അഭിനയമികവിന്റെ  പ്രഭാപൂരംകൊണ്ട്‌ തേജോമയമാക്കിയ ജഗതി ശ്രീകുമാറിന്‌ എഴുപത്‌. പാതി നിർത്തിയ വിഷാദഗാനം പോലെ, എല്ലാ വേഷവും അഴിച്ചുവച്ച്‌, തലസ്ഥാനത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ. മഹാമാരിയിൽ കൊട്ടിയടച്ച തിയറ്ററുകൾ തുറക്കുന്ന പോലെ, ഒരുനാൾ ചിരിയുടെ പുതിയ നമ്പറുകളുമായി ജഗതിയെ തിരശ്ശീലയിൽ കാത്തിരിക്കുന്നുണ്ട്‌ ആരാധകർ.

അടൂർ ഭാസിയുടെ ശിങ്കിടിപ്പയ്യന്റെ വേഷത്തിൽ ‘ചട്ടമ്പിക്കല്യാണി’ എന്ന സിനിമയിലൂടെ 1975ലാണ്‌ അദ്ദേഹം സിനിമയിലേക്കു കാലൂന്നുന്നത്‌. അച്ഛൻ ജഗതി എൻ കെ ആചാരിയിൽനിന്നു പകർന്നു കിട്ടിയ കലാപാരമ്പര്യം അദ്ദേഹത്തെ മലയാളത്തിൽ പകരം വയ്‌ക്കാനില്ലാത്ത ഹാസ്യനടനാക്കി. താളവട്ടം, യോദ്ധാ, കിലുക്കം, കാബൂളിവാലാ, മീശ മാധവൻ തുടങ്ങി ജഗതി തകർത്തഭിനയിച്ച; മലയാളി പൊട്ടിച്ചിരിച്ച സിനിമകൾ എത്രയെത്ര.

ഹാസ്യനടനെന്ന ലേബൽ മറികടന്ന്‌ അതുല്യ നടനായി  മാറിയ അദ്ദേഹം മലയാളത്തിനുപുറത്ത്‌ ഒരേയൊരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. ടി വി ചന്ദ്രൻ സംവിധാനം ചെയ്‌ത ‘ആടും കൂത്ത്‌’ എന്ന തമിഴ്‌ ചിത്രത്തിൽ.

1951 ജനുവരി അഞ്ചിന്‌ ജഗതിയിലാണ്‌ ജനനം. ജഗതി എൻ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിൽ മൂന്നാം വയസ്സിൽ മുഖംകാണിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെ കലാരംഗത്തുവന്ന അദ്ദേഹം തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ്‌ കോളേജിൽനിന്നു ബോട്ടണിയിൽ ബിരുദം നേടി. പിന്നീട്‌ ചെന്നൈയിൽ മെഡിക്കൽ റെപ്രസന്ററ്റീവായി ജോലി ചെയ്യവേയാണ്‌ സിനിമയിൽ എത്തിയത്‌.

2012 മാർച്ച് 10ന് ദേശീയപാതയിൽ മലപ്പുറം തേഞ്ഞിപ്പലത്തിനടുത്തുള്ള പാണാമ്പ്രവളവിലുണ്ടായ വാഹനാപകടത്തിലെ പരിക്കാണ്‌ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്‌ തടസ്സമായത്‌. വർഷങ്ങൾനീണ്ട ചികിത്സയ്‌ക്കുശേഷവും പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top