24 April Wednesday

വെളിച്ചമേ നയിച്ചാലും ; വൈദ്യുതിയുടെ 
പൊൻപ്രഭയിൽ ആവണിപ്പാറ 
കോളനി

സി ജെ ഹരികുമാർUpdated: Tuesday Mar 14, 2023

ജനകീയ പ്രതിരോധജാഥയുടെ കോന്നിയിലെ സ്വീകരണ കേന്ദ്രത്തിൽ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ 
ആവണിപ്പാറ ആദിവാസി കോളനി മൂപ്പൻ അച്ചുതൻ കുരുത്തോല തലപ്പാവ്‌ അണിയിച്ചപ്പോൾ ഫോട്ടോ: എ ആർ അരുൺരാജ്‌


കോന്നി  
കൂരാക്കൂരിരുട്ടിനെ തച്ചുടയ്ക്കാൻ അവർക്കൊരു ‘സ്വിച്ച്‌’ മതിയായിരുന്നു. പക്ഷേ അതിന്‌ കാത്തിരിക്കേണ്ടി വന്നത്‌ വർഷങ്ങൾ. കോന്നി ആവണിപ്പാറ ആദിവാസി കോളനിക്കാരുടെ ദുരിതങ്ങളറിഞ്ഞ ജനപ്രതിനിധിയെത്തിയപ്പോൾ ഇരുട്ട്‌ വെളിച്ചത്തിലൊളിച്ചു. വൈദ്യുതിവെളിച്ചത്തിന്റെ പൊൻപ്രഭയിൽ കോളനിയിലിപ്പോൾ ‘സൂര്യനസ്‌തമി’ക്കാറില്ല.

പ്രായാധിക്യമുള്ള  ഊരുമൂപ്പൻ അച്ചുതനൊപ്പം കോളനിക്കാരൊന്നാകെയാണ്‌  ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാനെത്തിയത്‌. സ്വയം നെയ്‌ത ഓലക്കിരീടവും ചെങ്കോലും ഊരുമൂപ്പനും വാർഡംഗം പി സിന്ധുവും ചേർന്ന്‌  ക്യാപ്‌റ്റൻ എം വി ഗോവിന്ദന്‌ കൈമാറി. വൈദ്യുതിയെത്തിച്ച ഇടതുപക്ഷ സർക്കാരിനോടുള്ള കടപ്പാട്‌ അറിയിക്കാനെത്തിയ സംഘത്തിൽ ആവണിപ്പാറ ചെമ്പനരുവി ഗിരിജൻ കോളനിയിലെ ജയകുമാർ, സുനിൽ, സുമ, ജനാർദനൻ, കുഞ്ഞിലക്ഷ്‌മി, വിനോദ്‌ എന്നിവരുമുണ്ടായിരുന്നു.

കെ യു ജനീഷ്‌കുമാർ എംഎൽഎയാണ്‌ കോളനിയിലേക്ക്‌ വൈദ്യുതിയെത്തിച്ചത്‌.  33 കുടുംബങ്ങൾക്കുമായി 1.57 കോടി രൂപ ചെലവഴിച്ച പദ്ധതിയിൽ 6.8 കിലോമീറ്റർ കേബിൾ ഇടേണ്ടിവന്നു. അങ്കണവാടിയിലും വൈദ്യുതിയെത്തിച്ചു. കോളനിയിൽ 35 തെരുവുവിളക്കുമൊരുക്കി. പഞ്ചായത്ത്‌ വീടുകൾ വൈദ്യുതീകരിച്ചു നൽകി. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ കോന്നി അരുവാപ്പുലത്ത്‌ അച്ചൻകോവിലാറിന്റെ തീരത്താണ്‌ ആവണിപ്പാറ ആദിവാസി കോളനി. മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടതാണ്‌ കുടുംബങ്ങൾ.

ചൊവ്വാഴ്‌ച  പത്തനംതിട്ട ടൗണിലും കോന്നിയിലും അടൂരിലെയും സ്വീകരണത്തിനുശേഷം കൊല്ലം ജില്ലാ അതിർത്തിയായ കല്ലുംകടവിൽ സ്വീകരിച്ചു. തുടർന്ന്‌ പത്തനാപുരത്തും അഞ്ചലിലുമായിരുന്നു ജില്ലയിലെ സ്വീകരണം.

ജാഥ ഇന്ന്‌
രാവിലെ 10ന്‌ കൊട്ടാരക്കര, പകൽ 11ന്‌ ശാസ്‌താംകോട്ട, മൂന്നിന്‌ കരുനാഗപ്പള്ളി, നാലിന്‌ ചവറ ടൈറ്റാനിയം മൈതാനം, അഞ്ചിന്‌ കൊല്ലം കന്റോൺമെന്റ്‌ മൈതാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top