29 March Friday

നവകേരള വിളംബരം ; ‘ഇതൊരു മഹോത്സവമാണ്‌, മനുഷ്യ മഹാപ്രവാഹമുള്ള ഉത്സവം

എം അനിൽUpdated: Friday Mar 17, 2023

സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് കടയ്ക്കലിൽ നൽകിയ സ്വീകരണത്തിൽ 
ക്യാപ്റ്റൻ എം വി ഗോവിന്ദനെ വരവേൽക്കുന്നു


കൊല്ലം
‘ഇതൊരു മഹോത്സവമാണ്‌, മനുഷ്യ മഹാപ്രവാഹമുള്ള ഉത്സവം. ശത്രുക്കളും മാധ്യമങ്ങളും ഈ പ്രസ്ഥാനത്തെ കടന്നാക്രമിക്കുമ്പോൾ പ്രതിരോധ കവചം തീർക്കാൻ നാടാകെ ഉയർത്തെഴുന്നേൽക്കുമെന്നതിന്റെ മുന്നറിയിപ്പ്‌. അല്ലാതെ ഞങ്ങളുടെ ആരുടെയും പ്രത്യേകതകൊണ്ടല്ല ഈ ജനക്കൂട്ടം’–വേനലെരിയുന്ന വീഥികളിൽ ചുവപ്പിന്റെ സാഗരം തീർത്ത ജനസഞ്ചയത്തെ ജനകീയ പ്രതിരോധ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ ഓരോ സ്വീകരണകേന്ദ്രത്തിലും ഓർമപ്പെടുത്തി.

വേലുത്തമ്പി ദളവയുടെ വിളംബരത്താൽ പ്രസിദ്ധിയാർജിച്ച കുണ്ടറയിൽനിന്നായിരുന്നു കൊല്ലം ജില്ലയിലെ മൂന്നാംദിവസത്തെ പര്യടനം തുടങ്ങിയത്‌. കൊല്ലത്തെ പൗരസംഗമത്തിനും കൂടിക്കാഴ്‌ചയ്‌ക്കും വാർത്താസമ്മേളനത്തിനും ശേഷം പകൽ 10.15നാണ്‌ പര്യടനം ആരംഭിച്ചത്‌. ചെങ്കൊടികളേന്തി വഴിനീളെ കാത്തുനിന്നവർ കൈവീശി ഒപ്പംചേർന്നു.

പെരിനാട്‌ വിപ്ലവത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാരി യശോദ, കുണ്ടറ വിളംബരവുമായി ബന്ധപ്പെട്ട കടയാറ്റ്‌ കുടുംബത്തിന്റെ പിന്മുറക്കാരൻ ഉണ്ണിക്കൃഷ്‌ണൻ ഉണ്ണിത്താൻ, സന്തോഷ്‌ ട്രോഫി കോച്ച്‌ പി വി രമേശ്‌, യാക്കോബായ സഭയിലെ ഫാ. പോൾമാത്യൂ, ഓർത്തഡോക്‌സ്‌ സഭയിലെ ഷാലുജോൺ തുടങ്ങിയവർ കുണ്ടറയിൽ ജാഥാ ക്യാപ്‌റ്റനെ വരവേറ്റു. മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ക്യാപ്‌റ്റനെയും അംഗങ്ങളെയും ഹാരമണിയിച്ചു. ചാത്തന്നൂരിലും വൻജനാവലി ജാഥയെ വരവേറ്റു. തെയ്യവും കോൽക്കളിയും അമ്മൻകുടവും ഉത്സവഛായ പകർന്നു. കുട്ടികൾ നൽകിയ റോസാപ്പൂക്കൾ ഏറ്റുവാങ്ങിയാണ്‌ എം വി ഗോവിന്ദൻ വേദിയിലേക്ക്‌ പ്രവേശിച്ചത്‌.

ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ കടയ്‌ക്കലിൽ എത്തിയപ്പോൾ സമയം വൈകിട്ട്‌ നാല്‌. വേനൽച്ചൂടിന്‌ ആശ്വാസം പകർന്നെത്തിയ ചാറ്റൽമഴയും ജാഥക്ക്‌ ആവേശമായി. ബൈക്ക്‌റാലിയും റെഡ്‌ വളന്റിയർ മാർച്ചും വർണാലങ്കാരങ്ങളും കടയ്‌ക്കലിനെ ചെങ്കടലാക്കി. കടയ്ക്കൽ എൻ ഗോപിനാഥൻപിള്ള രചിച്ച കടയ്ക്കൽ വിപ്ലവചരിത്ര പുസ്തകം എം വി ഗോവിന്ദന്‌ സമ്മാനിച്ചു. തുടയന്നൂർ ലോക്കൽ കമ്മിറ്റി സ്നേഹവീട് നിർമിച്ചുനൽകുന്ന കോവൂർ വേലംപറമ്പിൽ വീട്ടിൽ അനിതയും ജാഥാ ക്യാപ്‌റ്റനെ കാണാനെത്തി. ഇണ്ടവിളകുന്ന്‌ ബംഗ്ലാവിൽ വീട്ടിൽ ലക്ഷ്‌മി വരച്ച ഛായാചിത്രം കൈമാറി. യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ്‌ സുജാത, എം സ്വരാജ്‌, കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌ എന്നിവർ സംസാരിച്ചു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

പാരിപ്പള്ളി മുക്കടയിൽനിന്ന്‌ ജാഥ തിരുവനന്തപുരം ജില്ലയിലേക്ക്‌ പ്രവേശിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ജനസഞ്ചയം വരവേറ്റു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനാവൂർ നാഗപ്പൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി, മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, ടി എൻ സീമ, എ എ റഹിം എന്നിവർ നേതൃത്വം നൽകി. തലസ്ഥാനജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ വർക്കലയിൽ ജാഥ എത്തിയപ്പോൾ സമയം ആറായി. മംഗലപുരത്തായിരുന്നു സമാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top