29 March Friday

ഇസ്‌മയിൽ ഇനിയൊന്നു ചിരിക്കട്ടെ ; നന്ദിയുണ്ട്‌ സർക്കാരിനോട്‌

ഒ വി സുരേഷ്‌Updated: Tuesday Jul 5, 2022


വണ്ടൂർ  (മലപ്പുറം)
ഇസ്മയിലിനും കുടുംബത്തിനും ഇത്‌ സന്തോഷത്തിന്റെ ബക്രീദാണ്‌. 18 വർഷമായി എഴുന്നേൽക്കാൻ വയ്യാതെ കിടപ്പിലാണെങ്കിലും തിരുവാലി ആനക്കോടൻകുന്നിൽ മുണ്ടംതോട്‌ ഇസ്‌മയിൽ വീണ്ടും സർക്കാർ ജീവനക്കാരനാകും. സൂപ്പർ ന്യൂമറി തസ്‌തിക സൃഷ്‌ടിച്ച്‌ സർക്കാർ ഉത്തരവായി.

‘സന്തോഷമുണ്ട്‌; സർക്കാരിനോട്‌ നന്ദിയുണ്ട്‌’–- ഇസ്‌മയിലിന്റെ കണ്ണുകളിൽ അതിരില്ലാത്ത സന്തോഷം. ചലനശേഷിയില്ലാത്ത മകന്റെ കാലുകളിൽ ആയിഷുമ്മയുടെ കൈകൾ പതുക്കെ ചലിച്ചു. ഉമ്മയ്‌ക്ക്‌  75 വയസുണ്ട്‌. ഇസ്‌മയിലിന്‌ 52ഉം. കിടപ്പിലായ മകനെ 15 വർഷം പരിചരിച്ച ഉമ്മക്ക്‌ ഇപ്പോൾ വയ്യ. ഊന്നുവടിയുടെ സഹായത്താലാണ്‌ നടത്തം. മൂന്നരവർഷംമുമ്പ്‌ മഞ്ചേരി പയ്യനാട്‌ സ്വദേശി സുഹ്‌റാബി ഇസ്‌മയിലിന്റെ ജീവിതസഖിയായി.

2003 നവംബർ മൂന്നിനാണ്‌ ഇസ്‌മയിൽ സർക്കാർ സർവീസിൽ പ്രവേശിച്ചത്‌. അതും സ്വന്തം നാട്ടിലെ പിഎച്ച്‌സിയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറായി.  പ്രയാസങ്ങൾക്ക്‌ അറുതിയായെന്ന്‌ കുടുംബം പ്രതീക്ഷിച്ചു. അതിനു എട്ടുദിവസമേ ആയുസുണ്ടായുള്ളു. അത്രയേ ഇസ്‌മയിലിന്‌ ഓഫീസിൽ പോകാനായുള്ളു. പുറത്ത്‌ ചെറിയവേദനയും കാലിനു തരിപ്പും വന്നതോടെ ഡോക്ടറെ കാണിച്ചു. സ്‌പൈനൽ കോഡിന്‌ തകരാർ കണ്ടെത്തി.  കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കോട്ടയത്തും മറ്റുമായി ചികിത്സ. പതുക്കെ നെഞ്ചിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഇസ്‌മയിൽ പഴയ വീടിനുള്ളിലെ കട്ടിലിൽ  ഒതുങ്ങി. വീൽചെയർ ഉണ്ടെങ്കിലും അതു തള്ളാൻ ആളുവേണം. പുറത്തേക്കിറങ്ങാൻ സൗകര്യവുമില്ല. ‘ഇലക്‌ട്രിക്‌ വീൽചെയർ ഉണ്ടായിരുന്നേൽ മുറ്റത്തേക്കെങ്കിലും ഇറങ്ങാമായിരുന്നു’–- ഇസ്‌മയിലിന്റെ ആഗ്രഹം ബാക്കി. ഡിഎംഒ ഓഫീസിലെ പ്രസന്നനാണ്‌ സർക്കാരിലേക്ക്‌ അപേക്ഷ കൊടുക്കാനൊക്കെ സഹായിച്ചത്‌. ഓഫീസിലേക്ക്‌ പോകാനാകില്ലെങ്കിലും വീണ്ടും സർക്കാർ ജീവനക്കാരനാകുന്നതിന്റെ സന്തോഷത്തിലാണ്‌ ഇസ്‌മയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top