19 April Friday

ഇതാണ്‌ മാതൃക; കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ സംസ്‌കാരം നടത്തി, നേതൃത്വം നൽകി വികാരിയും

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

ഇരിങ്ങാലക്കുട > കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം അന്ത്യകർമ്മങ്ങളോടെ സംസ്‌കാരം നടത്തി ഇരിങ്ങാലക്കുട സെന്റ്‌ മേരീസ്‌ കത്തീഡ്രൽ പള്ളി അധികാരികൾ. കൂത്തുപറമ്പ്‌ പള്ളന്‍ വീട്ടില്‍ വര്‍ഗീസ്‌ പള്ളന്‍ (72) ന്റെ മൃതദേഹമാണ്‌ എല്ലാ സുരക്ഷാ മുൻകരുതലോടെയും സംസ്‌കാരം നടത്തിയത്‌.

കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ കോട്ടയത്ത്‌ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്ന ദിവസംതന്നെയാണ്‌ ഇരിങ്ങാലക്കുടയിൽ വൈദികരുടെ നേതൃത്വത്തിൽത്തന്നെ സംസ്‌കാര കർമ്മങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, അസിസ്‌റ്റന്റ്‌ വികാരിമാരായ ഫാ. റീസ്‌ വടാശ്ശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, ഫാ. സ്‌റ്റേണ്‍ കൊടിയന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയുടെ വടക്ക്‌ കിഴക്കേ മൂലയില്‍ കുഴി എടുത്താണ്‌ മൃതദേഹം സംസ്‌ക്കരിച്ചത്‌. സംസ്‌ക്കാര കര്‍മ്മത്തിനെത്തിയവര്‍ എല്ലാവരും പിപിഇ കിറ്റുകള്‍ അടക്കം ധരിച്ച്‌ സുരക്ഷ ഒരുക്കിയിരുന്നു.

കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചു  സംസ്‌കാരകർമ്മം നടത്തുവാൻ  നേതൃത്വം നൽകിയ വൈദികർക്കും യുവ ടീം അംഗങ്ങൾ സുനിൽ, ഷൈമോൻ,സെന്തിൽ,മിഥുൻ,സുഭീഷ്‌,ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും, ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുവാൻ സഹായിച്ച ഹൃദയ പാലിയേറ്റിവ് കെയർ ട്രസ്റ്റിലെ തോമസ് കണ്ണമ്പിള്ളിയച്ചനും സഹപ്രവർത്തകർക്കും ബിഷപ്പ് പോളി കണ്ണൂക്കാടൻ അഭിനന്ദങ്ങൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top