25 April Thursday

മന്ത്രി വിവരിച്ചു വിജയഗാഥ ; 
നിറഞ്ഞു ആഹ്ലാദം, അഭിമാനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

സംരംഭക മഹാസംഗമത്തിന് വയനാട്ടിൽ നിന്ന് എത്തിയ വനിതാ സംരംഭകർ 
മന്ത്രി പി രാജീവിനൊപ്പം സെൽഫി എടുക്കുന്നു


കൊച്ചി
രാജ്യാംഗീകാരം നേടിയ കേരളത്തിന്റെ ‘ഒരുവർഷം ഒരുലക്ഷം സംരംഭം’ എന്ന പദ്ധതിയുടെ നാൾവഴികൾ മന്ത്രി പി രാജീവ്‌ പങ്കുവച്ചപ്പോൾ മഹാസംഗമത്തിൽ പങ്കെടുത്തവരുടെ മനസ്സിലും മുഖത്തും അഭിമാനത്തിളക്കം. എട്ടുമാസത്തിനുള്ളിൽ ലക്ഷ്യം നേടാനായെന്ന്‌ മന്ത്രി പറഞ്ഞപ്പോൾ ആഹ്ലാദം കൈയടിയായി.

‘‘മുഖ്യമന്ത്രിയുമായി പദ്ധതി ചർച്ച ചെയ്‌തപ്പോൾ അദ്ദേഹം മുൻകൈയെടുത്ത്‌ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല മേൽനോട്ടസംവിധാനം രൂപീകരിച്ചു. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥസമിതിയും. ജില്ലാതലംമുതൽ തദ്ദേശസ്ഥാപനതലംവരെ മേൽനോട്ടസമിതിയുണ്ടാക്കി. ഏതെല്ലാം എംഎസ്‌എംഇകൾ തുടങ്ങാൻ സാധ്യതയുണ്ടെന്ന്‌ വ്യവസായവകുപ്പ്‌ പഠനം നടത്തി. ആരംഭിക്കാൻ കഴിയുന്ന പദ്ധതികളെക്കുറിച്ച്‌ ധാരണയുണ്ടാക്കി. ഓരോ മേഖലയ്‌ക്കും പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി. നാലോ അഞ്ചോ ഉൽപ്പന്നം വച്ച്‌ ഓരോ തദ്ദേശസ്ഥാപനത്തിനും നൽകി. അവർ ചർച്ച ചെയ്‌ത്‌ ആരംഭിക്കാൻ കഴിയുന്ന ഒന്ന്‌ തെരഞ്ഞെടുത്തു. നിർവഹണത്തിന്‌ 1153 ഇന്റേണുകളെ തെരഞ്ഞെടുത്തു. ജില്ലാ വ്യവസായ, സംസ്ഥാന ഡയറക്ടറേറ്റിലെ ഉയർന്ന കേഡറിലുള്ളവർക്ക്‌ പരിശീലനം നൽകി. താലൂക്ക്‌ ഓഫീസുകൾ ഫെസിലേറ്റേഷൻ കേന്ദ്രമാക്കി. വ്യവസായവകുപ്പ്‌ പ്രൊഫഷണലായി പ്രവർത്തിക്കാൻ ക്രമീകരണമുണ്ടാക്കി. 245 ദിവസംകൊണ്ട്‌ ലക്ഷ്യം നേടാനായി. 1,24,249 സംരംഭങ്ങൾ ഏപ്രിൽ ഒന്നുമുതൽ 2023 ജനുവരി 21 വരെ ആരംഭിച്ചു. 7533.12 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിക്കാനായി. ഇത്രയും നിക്ഷേപം ഒരുകാലത്തും ഉണ്ടായിട്ടില്ല. 2,67,823 തൊഴിലവസരം സൃഷ്ടിക്കാനായി. 38 ശതമാനം വനിതാസംരംഭകരാണ്‌. ഒമ്പത്‌ ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്‌.

പതിനായിരം സംരംഭമാണ്‌ കേരളത്തിൽ ഒരുവർഷം ശരാശരി രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. ഇപ്പോൾ അഗ്രോ ഫുഡ്‌ പ്രൊസസിങ്‌ മേഖലയിൽമാത്രം 21,609, ഗാർമെന്റ്‌ ആൻഡ്‌ ടെക്‌സ്‌റ്റൈൽ രംഗത്ത്‌ 13,596, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സിൽ 4997 സംരംഭവുമായി. നല്ല നേട്ടം കൈവരിക്കാനായി. ഫീൽഡിലെ അനുഭവപശ്ചാത്തലത്തിൽ അടുത്തവർഷം എത്ര സംരംഭം പുതുതായി കൊണ്ടുവരാൻ കഴിയുമെന്ന്‌ നിർദേശിക്കാൻ ഇന്റേണുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. താഴെനിന്നാകും ആസൂത്രണം. എംഎസ്‌എംഇ ക്ലിനിക്കുകൾ ജില്ലകളിൽ ആരംഭിക്കും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇവിടെ സൗജന്യ ഉപദേശം ലഭിക്കും. താലൂക്കുതലത്തിൽ വിപണനമേള സംഘടിപ്പിക്കും. ഓരോ ഉൽപ്പന്നത്തിനും കേരള ബ്രാൻഡ്‌ നൽകും. ഇ–-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോം ഏപ്രിലിൽ ആരംഭിക്കുമെന്നും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top