11 December Monday

എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കൊച്ചി > ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടൗൺഹാളിൽ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
കണക്ടിവിറ്റി ഇല്ലാതിരുന്ന 1284  ഊരുകളിൽ 1083 ലും ഇന്റർനെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയിൽ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് 4 കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാനശിലകളിൽ ഊന്നി നിന്നുകൊണ്ട് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ആവശ്യമായ അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനും ആ രേഖകൾ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് എ ബി സി ഡി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളിൽ പൂർത്തീകരിച്ച പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂർത്തീകരണത്തോടടുക്കുകയാണ്.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളെല്ലാം ഉന്നതി എന്ന ഒറ്റ കുടക്കീഴിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. നൈപുണ്യ വികസനം ഉറപ്പുവരുത്തിയും തൊഴിലവസരങ്ങൾ ലഭ്യമാക്കിയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേസമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കേരള എംപവർമെന്റ് സൊസൈറ്റി രാജ്യത്തിനാകെ മാതൃകയാണ്. അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, പ്രവൃത്തി പരിചയം എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ട്രെയിനിംഗ് ഫോർ കരിയർ എക്‌സലൻസ് പദ്ധതിയും നടപ്പാക്കുന്നു. ഈ രണ്ടു പദ്ധതികളും കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് ഉപകരിച്ചു. പി എസ് സി വഴി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ 500 പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നൽകിയിരുന്നു. ഇതേ മാതൃകയിൽ എക്‌സൈസ് ഗാർഡുമാരായി 100 പട്ടിക വർഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ലോകത്തിന്റെ ഏതു കോണിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് പ്രാപ്യമാക്കാനായി വിദേശ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കുന്നു. ഇതിലൂടെ ഇതുവരെ 422 വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠനത്തിന് അവസരം ലഭിച്ചു. പത്തു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പായി നൽകുന്നത്.

പട്ടികവർഗ വിദ്യാർഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പാക്കുന്നു. രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പരിശീലനം നടത്തുന്നതിനുള്ള സ്‌കോളർഷിപ്പും സർക്കാർ നൽകുന്നു. ഐഐഎം, ഐഐടി, എൻഐഎഫ്ടി ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്‌സുകളിലും കൽപ്പിത സർവകലാശാലകളിലും വൊക്കേഷണൽ ട്രെയിനിംഗ് സ്ഥാപനങ്ങളിലും മെറിറ്റ് റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്ക് കൂടി സ്‌കോളർഷിപ്പ് ലഭിക്കുന്ന വിധത്തിൽ സ്‌കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ചിരിക്കുകയാണ്.

സംസ്ഥാനത്തിനു പുറത്തുള്ള പഠനത്തിനും സ്‌കോളർഷിപ്പുകൾ ലഭ്യമാകുന്നുണ്ട്. ഇതിന്റെ ഫലമായി കൂടുതൽ വിദ്യാർഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഉപരി പഠനത്തിന് അവസരം ലഭിക്കുന്നു. രണ്ടരലക്ഷത്തിലേറെ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് നിഷേധിച്ചു. തുടർന്ന് സംസ്ഥാന ബജറ്റിൽ അധിക തുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പും കേന്ദ്ര സർക്കാർ നിർത്തലാക്കി. അവർക്കായുള്ള തുകയും ബജറ്റിൽ വകയിരുത്തി സ്‌കോളർഷിപ്പ് പുനസ്ഥാപിക്കാനാണ് കേരളത്തിൽ നടപടി സ്വീകരിച്ചത്. ഇതിന് അപേക്ഷിക്കാനുള്ള പോർട്ടലാണ് ഇവിടെ ആരംഭിക്കുന്നത്. പഠനമുറി പദ്ധതിയും രാജ്യത്തിനാകെ മാതൃകയാണ്. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള പദ്ധതി വിപുലീകരിച്ച് അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലെ വിദ്യാർഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികളെയും ഉൾപ്പെടുത്തി.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ മികച്ചതാണ് പട്ടിക, പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം. ഇത് കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമം. പല സംസ്ഥാനങ്ങളിലും അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായി ദുരിതം അനുഭവിക്കേണ്ടി വരികയാണ്. ആ ഘട്ടത്തിലാണ് കേരളം അവർക്ക് സുരക്ഷിതമായ ഇടം ഉറപ്പുവരുത്തി ഒപ്പം നിർത്തുന്നത്. വിവിധ ജാതി, മത സമൂഹങ്ങളെ ഒരുമിച്ച് ചേർത്ത് ഐക്യത്തിന്റെ കെടാവിളക്കുകൾ കേരളത്തിൽ തെളിയിച്ച നവോത്ഥാന നായകരാണ് അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും ശ്രീനാരായണഗുരുവും. എന്നാൽ കേരളം ആർജിച്ച നേട്ടങ്ങളെല്ലാം അട്ടിമറിക്കാൻ ജാതി മത ഭേദത്തിന്റെ പിന്തിരിപ്പൻ ചിന്തകളെ വളർത്തുന്ന പ്രവണതകൾ പലയിടങ്ങളിലും തലപൊക്കുന്നുണ്ട്. അവ മുളയിലേ നുള്ളിക്കളയാൻ കഴിയണം. അതിനായി കേരളം സമൂഹമാകെ ഒറ്റക്കെട്ടായി നിലകൊള്ളണം. നവോത്ഥാന കേരളത്തിന്റെ ആശയങ്ങളെ കാലാനുസൃതമായി നവീകരിച്ച് അവതരിപ്പിക്കുന്ന നവകേരളത്തിന്റെ ഒരു വലിയ മുന്നേറ്റമായി ഐക്യദാർഢ്യ പക്ഷാചരണം മാറണം. അതുവഴി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അയിത്തത്തെയുമെല്ലാം മനസിൽ നിന്നും സമൂഹത്തിൽ നിന്നും ഒഴിവാക്കണം.

എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട് പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നതാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഉയരാം ഒത്തുചേർന്ന് എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 മുതൽ 16 വരെ സംസ്ഥാനത്താകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനു പകരമായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച സ്‌കോളർഷിപ്പ് പദ്ധതി കെടാവിളക്കിന്റെ പോർട്ടൽ ഓപ്പണിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എ.ജി. ഓഫീസിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും പ്രവൃത്തി പരിചയത്തിന് ഓണറേറിയത്തോടു കൂടു നിയമിക്കുന്ന ജസ്റ്റിസ് വെൽഫെയർ ആൻഡ് ലീഗൽ അസിസ്റ്റൻസ് (JWALA) പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

മാലിന്യ മുക്ത നവകേരള പ്രതിജ്ഞയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മേയർ അഡ്വ. എം അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പി വി ശ്രീനിജിൻ, കെ എൻ ഉണ്ണികൃഷ്ണൻ, ടി ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡെപ്യൂട്ടി മേയർ കെ എ ആൻസിയ, വാർഡ് കൗൺസിലർമാരായ പി ആർ റെനീഷ്, സുധ ദിലീപ് കുമാർ, സുനിത ഡിക്‌സൺ, വി വി പ്രവീൺ, സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി അംഗം സി രാജേന്ദ്രൻ, പട്ടികവർഗ ഉപദേശക സമിതി അംഗം ആർ ദാമോദരൻ, പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ, പട്ടിക വർഗ വികസന ഓഫീസർ അനിൽ ഭാസ്‌കർ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ. ഉദയൻ പൈനാക്കി, പട്ടികജാതി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top