20 April Saturday

ന്യൂസ്‌പേപ്പർ ഡിസൈനിൽ ദേശാഭിമാനിയ്‌ക്ക്‌ രണ്ട്‌ രാജ്യാന്തര അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ന്യൂഡൽഹി> അഞ്ചാമത്‌ രാജ്യാന്തര ന്യൂസ്‌പേപ്പർ ഡിസൈൻ മത്സരത്തിൽ ദേശാഭിമാനിയ്‌ക്ക്‌ ഇരട്ട ബഹുമതി. ഏഷ്യയിലെ ആദ്യത്തെ ന്യൂസ്‌പേപ്പർ ഡിസൈൻ വെബ്‌സൈറ്റായ www.newspaperdesign.in സംഘടിപ്പിച്ച മികച്ച പേജ്‌ രൂപകൽപനയ്‌ക്കുള്ള മത്സരത്തിലാണ്‌ അംഗീകാരം. മികച്ച മെസി പേജ്‌, പെലെ പേജ്‌ വിഭാഗങ്ങളിൽ ദേശാഭിമാനി പ്രത്യേക ജൂറി പരാമർശത്തിന്‌ അർഹരായി.

അർജന്റീന ലോകകപ്പ്‌ നേടിയതിന്റെ പിറ്റേന്ന്‌ ‘മെസി ഗാഥ’ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ഒന്നാംപേജിനാണ്‌ അംഗീകാരം. മികച്ച മെസി പേജ്‌ വിഭാഗത്തിലാണ്‌ നേട്ടം. മെസിയും അർജന്റീനയും ലോകകപ്പ്‌ നേടിയ വാർത്ത ഒറ്റ ഫോട്ടോയിലൂടെ ആവിഷ്‌കരിക്കാനായെന്നും വായനയ്‌ക്ക്‌ വഴി തുറക്കുന്ന തലക്കെട്ടായിരുന്നുവെന്നും ജൂറി വിലയിരുത്തി. മാതൃഭൂമിക്കാണ്‌ ഒന്നാം സ്ഥാനം. ബ്രസീലിയൻ പത്രം ഒ ഗ്ലോബോ രണ്ടും മാധ്യമം മൂന്നും സ്ഥാനം നേടി.

‘ഹൃദയമീ പന്ത്‌’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പെലെ പേജ്‌ അംഗീകാരം നേടി. ഫോട്ടോകളുടെയും വാർത്തകളുടെയും മികച്ച സങ്കലനമാണ്‌ പേജെന്ന്‌ ജൂറി വിലയിരുത്തി. ഫുട്‌ബോൾ ചേർത്ത്‌ പിടിച്ചുള്ള പെലെയുടെ ഇല്ലസ്‌ട്രേഷൻ പേജിന്‌ മികവ്‌കൂട്ടി. ഒ ഗ്ലോബോ പത്രം ഒന്നാം സ്ഥാനം നേടി. ഹിന്ദുസ്ഥാൻ ടൈംസിന്‌ രണ്ടും മാതൃഭൂമിയ്‌ക്ക്‌ മൂന്നും സ്ഥാനമുണ്ട്‌.

മികച്ച ഒന്നാം പേജിനുള്ള പുരസ്‌കാരം ഇന്തോനേഷ്യൻ പത്രമായ കോംപസ്‌ നേടി.  മാധ്യമത്തിന്‌ രണ്ടാം സ്ഥാനമുണ്ട്‌. ഇൻഫോഗ്രാഫിക്‌സ്‌ പുരസ്‌കാരം സൗത്ത്‌ ചൈന മോണിങ്ങ്‌ പോസ്‌റ്റിനാണ്‌. ഖത്തർ ലോകകപ്പ്‌ പേജിനുള്ള ബഹുമതി അറബ്‌ ന്യൂസ്‌ നേടി. മാധ്യമരംഗത്ത്‌ പ്രവർത്തിക്കുന്ന ചാൾസ്‌ ആപ്പിൾ, ജെന്നിഫർ ബോറെസെൻ, ചികുയി എസ്‌റ്റബാൻ, ഗാരി മെറ്റ്‌സ്‌കർ എന്നിവരായായിരുന്നു ജൂറി അംഗങ്ങൾ.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top