27 April Saturday

ജിഫ്രി തങ്ങളുടെ തീരുമാനം സ്വാഗതാർഹം; ലീഗിന്റെ കുത്സിത നീക്കം പാളി: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കോഴിക്കോട് > വഖഫ് നിയമനങ്ങളുടെ മറവിൽ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ തീരുമാനിച്ച പ്രതിഷേധ പരിപാടി പ്രകോപനങ്ങൾ സൃഷ്‌ടിക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കിയതായി സമസ്‌ത പ്രസിഡന്റ്‌ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ഇതോടെ മുസ്‌ലിം സംഘടനകളെ പിന്നിൽനിർത്തി വർഗീയ രാഷ്ട്രീയം കളിക്കാനുള്ള ലീഗിന്റെ കുത്സിത നീക്കങ്ങളാണ് പാളിയത്. പള്ളികളിൽ ഇത്തരം പരിപാടികൾ നടത്തിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ജിഫ്രി തങ്ങൾക്ക് ബോധ്യമുണ്ടെന്നാണ് മനസിലാക്കേണ്ടത്.

വഖഫ് വിഷയത്തിൽ ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചത്‌ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്‌. രാഷ്ട്രീയ മുതലെടുപ്പിന്‌ വേണ്ടി മതസംഘടനകളെ എന്നും കരുവാക്കുന്ന മുസ്‌ലിം ലീഗിന്റെ വൃത്തികെട്ട തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിത്. സമസ്‌തയുടെ ഉന്നത നേതാക്കളോടൊന്നും ആലോചിക്കാതെയാണ് മുസ്‌ലിം ലീഗ് പള്ളിസമരം പ്രഖ്യാപിച്ചതെന്നാണ്‌ ഇപ്പോൾ വ്യക്തമാകുന്നത്‌. ലീഗിന്റെ രാഷ്ട്രീയ ഇംഗിതങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയല്ല സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ്.

പൗരത്വ വിഷയത്തിലും മുസ്‌ലിം ലീഗിന്റെ തിട്ടുരത്തിന് വില കൽപിക്കാതെ, മുഖ്യമന്ത്രി വിളിച്ചുചേർത്ത ഭരണഘടനാ സംരക്ഷണ റാലികളിൽ പങ്കെടുത്തുകൊണ്ട് സ്വന്തം അസ്‌‌തിത്വം തെളിയിക്കാൻ സമസ്‌തക്ക് കഴിഞ്ഞിട്ടുണ്ട്. ജിഫ്രി തങ്ങളുടെ സന്ദർഭോചിതമായ തീരുമാനം ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനത്തോടെയുണ്ടായ പിരിമുറുക്കത്തിന് അയവുവരുത്തി. ഇത്‌ വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നതാണെന്ന് കാസിം ഇരിക്കൂർ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top