25 April Thursday

4 എസ്‌റ്റേറ്റ്‌ , 650 കോടിയുടെ നിക്ഷേപം, 
2500 പേർക്ക്‌ നേരിട്ട്‌ തൊഴിൽ

മിൽജിത്‌ രവീന്ദ്രൻUpdated: Friday Sep 23, 2022

representative image


തിരുവനന്തപുരം
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി അനുമതി ലഭിച്ച നാല്‌ സ്വകാര്യ വ്യവസായ എസ്റ്റേറ്റ്‌ യാഥാർഥ്യമാകുന്നതോടെ കുറഞ്ഞത്‌ 650 കോടിയുടെ നിക്ഷേപവും 2500 പേർക്ക്‌ നേരിട്ട്‌ തൊഴിലും ലഭ്യമാകും. നാല്‌ പാർക്കിലുമായി 47 ഏക്കറാണ്‌ വ്യവസായ ആവശ്യത്തിനായി ഉപയുക്തമാകുക. ഒരു വർഷത്തിനുള്ളിൽ നാലും പ്രവർത്തനം ആരംഭിക്കും. വിഎംപിഎസ്‌ ഫുഡ്‌ പാർക്ക്‌ ആൻഡ്‌ വെഞ്ച്വേഴ്‌സ്‌ തളിപ്പറമ്പ്‌,  മലബാർ എന്റർപ്രൈസസ്‌ മലപ്പുറം, ഇന്ത്യൻ വിർജിൻ സ്‌പൈസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കോട്ടയം, കടമ്പൂർ ഇൻഡസ്‌ട്രിയൽ പാർക്ക്‌ പാലക്കാട്‌ എന്നീ എസ്‌റ്റേറ്റുകൾക്കാണ്‌ അനുമതി ലഭിച്ചത്‌.

അറുപതോളം പ്രവാസികളടങ്ങുന്ന വടക്കേ മലബാർ പ്രവാസി സംഘമാണ്‌ വിഎംപിഎസ്‌ ഫുഡ്‌പാർക്ക്‌ ആൻഡ്‌ വെഞ്ച്വേഴ്‌സ്‌ എന്ന എസ്‌റ്റേറ്റ്‌ കണ്ണൂർ തളിപ്പറമ്പിൽ ആരംഭിക്കുന്നത്‌. 14.72 ഏക്കറിൽ ആരംഭിക്കുന്ന സംരംഭത്തിൽ കേരളത്തിലെ കാർഷിക വിളകളിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാകുന്ന സംരംഭങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. എൻആർകെ ഫുഡ്‌ പ്രോഡക്ട്‌സ്‌ എന്ന ആദ്യ സംരംഭം ആഗസ്‌ത്‌ 15ന്‌ ഉദ്‌ഘാടനംചെയ്യും. എസ്‌റ്റേറ്റ്‌ പൂർണ സജ്ജമാകുന്നതോടെ 200 കോടിയുടെ നിക്ഷേപവും 1000 പേർക്ക്‌ നേരിട്ട്‌ തൊഴിലുമാണ്‌ പ്രതീക്ഷിക്കുന്നത്‌. 

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഇന്ത്യൻ വിർജിൻ സ്‌പൈസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എസ്‌റ്റേറ്റിൽ 12 ഏക്കറിലാണ്‌ സംരംഭങ്ങൾ ആരംഭിക്കുക. 300 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 600 പേർക്ക്‌ നേരിട്ട്‌ തൊഴിൽ ലഭ്യമാകും. പാലക്കാട്‌ കടമ്പൂർ ഇൻഡസ്‌ട്രിയൽ പാർക്കിൽ അഞ്ചര ഏക്കറിൽ സ്‌റ്റാന്റേഡ്‌ ഡിസൈൻ ഫാക്ടറിയാണ്‌ ആരംഭിക്കുന്നത്‌. 25 കോടിയുടെ നിക്ഷേപവും 400 പേർക്ക്‌ നേരിട്ട്‌ തൊഴിലുമാണ്‌ ലക്ഷ്യമിടുന്നത്‌. മലപ്പുറം മലബാർ എന്റർപ്രൈസസിൽ തടി, ഫർണിച്ചർ ഉൽപ്പന്നങ്ങളും കളിപ്പാട്ട യൂണിറ്റുമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. 14.98 ഏക്കറിലാണ്‌ ഇവിടെ സംരംഭങ്ങൾ ആരംഭിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top