20 April Saturday

സംസ്ഥാനത്ത്‌ 4 സ്വകാര്യ വ്യവസായ 
എസ്‌റ്റേറ്റിന്‌ അനുമതി ; ചരിത്രത്തിൽ ആദ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


തിരുവനന്തപുരം
ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത്‌ നാലു സ്വകാര്യ വ്യവസായ എസ്‌റ്റേറ്റിന്‌ അനുമതി. വിഎംപിഎസ്‌ ഫുഡ്‌ പാർക്ക്‌ ആൻഡ്‌ വെഞ്ച്വേഴ്‌സ്‌ തളിപ്പറമ്പ്‌ (കണ്ണൂർ), മലബാർ എന്റർപ്രൈസസ്‌  വടമുക്ക്‌ (മലപ്പുറം),  ഇന്ത്യൻ വിർജിൻ സ്‌പൈസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കൂവപ്പള്ളി (കോട്ടയം), കടമ്പൂർ ഇൻഡസ്‌ട്രിയൽ പാർക്ക്‌ (പാലക്കാട്‌) എന്നിവയ്‌ക്കാണ്‌ അനുമതിയായത്‌. 

വ്യവസായ ആവശ്യത്തിനുള്ള ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാൻ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ്‌ സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകൾക്ക്‌ അനുമതി നൽകുന്നത്‌. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. പത്ത്‌ ഏക്കറോ, അതിലധികമോ ഉള്ള വ്യവസായത്തിന്‌ അനുയോജ്യമായ ഭൂമിയുള്ളവരെയാണ്‌ പരിഗണിച്ചത്‌. ചെറുകിട സംരംഭകൂട്ടായ്‌മ, സഹകരണ സ്ഥാപനം, കൂട്ടുടമാ സംരംഭം, ചാരിറ്റബിൾ സൊസൈറ്റി, കമ്പനി എന്നിവയിൽനിന്ന്‌  24 അപേക്ഷ ലഭിച്ചതിൽനിന്നാണ്‌ നാലെണ്ണം തെരഞ്ഞെടുത്തത്‌. ഇവയ്‌ക്കുള്ള ഡെവലപ്പർ പെർമിറ്റ്‌ വ്യാഴാഴ്‌ച തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്‌ കൈമാറും.

അടിസ്ഥാന സൗകര്യം ഒരുക്കാൻ ഏക്കറിന്‌ 30 ലക്ഷം രൂപ നിരക്കിൽ മൂന്നു കോടിവരെ ധനസഹായം നൽകും. അഞ്ച്‌ ഏക്കർ വ്യവസായ ഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, വൈദ്യുതി, വെള്ളം, ഗതാഗതം, ഡ്രയിനേജ്, മാലിന്യ സംസ്കരണം, മറ്റ് പൊതുസൗകര്യം എന്നിവ ഒരുക്കുന്നതിനാണ് ഇത്‌. വകുപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന ഉന്നത സമിതിയാണ്‌ അർഹരെ കണ്ടെത്തുന്നത്‌. അനുമതി ലഭിച്ച വ്യവസായ ഭൂമിക്ക്‌ കേരള ഇൻഡസ്‌ട്രിയൽ സിംഗിൾ വിൻഡോ ക്ലിയറൻസ്‌ ബോർഡ്‌, ഇൻഡസ്‌ട്രിയൽ ടൗൺഷിപ്‌ ഡെവലപ്‌മെന്റ്‌ നിയമം എന്നിവയുടെ പരിധിയിൽ വരുന്ന മുഴുവൻ ആനുകൂല്യവും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top