27 April Saturday

പച്ചക്കള്ളം പറഞ്ഞ്‌ ഗവർണർ; പ്രതിഷേധം പൊടുന്നനെ

സ്വന്തം ലേഖികUpdated: Tuesday Sep 20, 2022

ചരിത്ര കോൺഗ്രസിലെ ഗവർണറുടെ പ്രകോപനപരമായ പ്രസം​ഗത്തിനെതിരെ പ്രതിഷേധിക്കാൻ നോട്ട്‌പാഡിൽ പോസ്റ്റർ തയ്യാറാക്കുന്ന 
പ്രതിനിധി (ഫയൽ ചിത്രം)

കണ്ണൂർ> ചരിത്ര കോൺഗ്രസ്‌ പ്രതിനിധികൾ ഉയർത്തിയ പ്രതിഷേധ പോസ്‌റ്റർ നേരത്തെ തയ്യാറാക്കിയതാണെന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ വാദം പച്ചക്കള്ളം.  പ്രതിഷേധക്കാരുടെ കൈയിൽ പോസ്‌റ്റർ വന്നത്‌ മുൻകൂട്ടി തീരുമാനിച്ചതിനാലാണെന്നാണ്‌ ഗവർണരുടെ വാദം. ജനാധിപത്യവിരുദ്ധവും പ്രകോപനപരവുമായ പ്രസംഗത്തിനെതിരെ പൊടുന്നനെയുണ്ടായ പ്രതിഷേധത്തെയാണ്‌ ഗവർണർ പച്ചക്കള്ളം മെനഞ്ഞ്‌ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത്‌.  പ്രതിനിധികളും സംഘാടകരും മാധ്യമങ്ങളുമടക്കം നൂറുകണക്കിനുപേർ പെട്ടന്നുള്ള പ്രതിഷേധത്തിന്‌ ദൃക്‌സാക്ഷികളാണ്‌.

പരിപാടിയിൽ ആദ്യം സംസാരിച്ച അന്ന്‌ എംപിയായിരുന്ന  കെ കെ രാഗേഷും ചരിത്രകാരൻ ഇർഫാൻ ഹബീബും രാജ്യത്ത്‌ ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുകയാണെന്ന്‌ സൂചിപ്പിച്ചു. തുടർന്ന്‌ സംസാരിച്ച ഗവർണർ, എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുംമുമ്പ്‌  ചില കാര്യങ്ങൾ പറയാനുണ്ടെന്ന്‌ പറഞ്ഞാണ്‌ തുടങ്ങിയത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ സംവാദത്തിന്‌ തയ്യാറാകുന്നില്ലെന്ന ഗവർണറുടെ വാക്കുകൾ സദസിൽ പ്രതിഷേധത്തിന്‌ തുടക്കമിട്ടു.

ഗവർണർക്കും പൗരത്വബില്ലിനുമെതിരെ മുദ്രാവാക്യം വിളിച്ച്‌ ജാമിയ മിലിയ, ജെഎൻയു വിദ്യാർഥികൾ ‘സിഎഎയും എൻആർസിയും എൻപിആറും തള്ളുക’ എന്നെഴുതിയ പോസ്‌റ്ററുകളുയർത്തി മുൻനിരയിൽ പ്രതിഷേധിച്ചു. പ്രതിനിധികൾക്ക്‌ നൽകിയ ചരിത്ര കോൺഗ്രസ്‌ പ്രബന്ധ സംഗ്രഹത്തിന്റെ പുറംചട്ടയിലും കുറിപ്പെഴുതാൻ നൽകിയ പേപ്പറുകളിലുമാണ്‌ ഇരിപ്പിടങ്ങളിലും നിലത്തുമിരുന്ന്‌ ഇവർ മുദ്രാവാക്യങ്ങൾ എഴുതിയത്‌. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളിലുൾപ്പെടെ ഇത്‌ വ്യക്തമാണെന്നിരിക്കെ,  ഗവർണറുടെ വാദം പൊളിയുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top