മസ്കറ്റ് > ഇന്ത്യയും ഒമാനും തമ്മിലുള്ള ആദ്യത്തെ ഡിഫെൻസ് ഇൻഡസ്ട്രിയൽ സെമിനാർ മസ്കറ്റിൽ നടന്നു. ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ രംഗത്തെ സർക്കാർ സ്വകാര്യ സംരംഭകരും, ഒമാനിലെ പ്രതിരോധ, ഫിഷറീസ്, കാർഷിക, ഐ ടി വാർത്താവിനിമയ രംഗത്തെ ഉദ്യോഗസ്ഥരും തമ്മിലുള്ള നേരിട്ടുള്ള ചർച്ചക്ക് അവസരമൊരുക്കുനന്നതായിരുന്നു ആദ്യ ഇന്ത്യ- ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (കയറ്റുമതി) സഞ്ജയ് മെഹ്രിഷി പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള അവലോകനം നടത്തി. ഒമാൻ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ (അന്താരാഷ്ട്ര സഹകരണം) സെമിനാറിൽ വിശിഷ്ടാതിഥിയായിരുന്നു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗും സെമിനാറിൽ പങ്കെടുത്തു. ഒമാനും ഇന്ത്യയും തമ്മിൽ പരമ്പരാഗതമായുള്ള അടുത്ത ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം ഇരു രാജ്യങ്ങൾക്കും നേട്ടങ്ങൾ കൈവരിക്കുന്നതിന് ഉതകുന്ന ക്രിയാത്മക ചർച്ചകൾ സെമിനാറിൽ ഉണ്ടാകണമെന്ന് പ്രതിനിധികളോട് ആഹ്വാനം നൽകുകയും ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ വ്യവസായ സഹകരണത്തെക്കുറിച്ചുള്ള ആദ്യത്തെ സെമിനാറായിരുന്നു മസ്കറ്റിൽ നടന്നത്. ഇന്ത്യയിലെ പൊതു സ്വകാര്യ മേഖലയിൽ നിന്നുള്ള 23 കമ്പനികളാണ് സെമിനാറിൽ പങ്കെടുത്തത്. ഒമാൻ സായുധ സേനക്കും സിവിൽ ഡിഫൻസ് ഏജൻസികൾക്കും ഇന്ത്യയുടെ സഹായവും പിന്തുണയും ഉറപ്പു നൽകുന്നതായിരുന്നു സെമിനാർ.
പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ഹാർഡ് വെയർ, സുരക്ഷാ സംവിധാനങ്ങൾ, സൈബർ സുരക്ഷ, ആശയവിനിമയം, സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..