24 April Wednesday

ഇന്ത്യ ചൈന തർക്കം പരിഹരിക്കേണ്ടത്‌ ചർച്ചയിലൂടെ: എസ്‌ ആർ പി

പ്രത്യേക ലേഖകൻUpdated: Tuesday Jan 18, 2022



കണ്ണൂർ
ഇന്ത്യ–- ചൈന അതിർത്തിത്തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്‌ സിപിഐ എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള വ്യക്തമാക്കി. ഈ നിലപാട്‌ പിന്തുടർന്നാണ്‌ നേരത്തേ കോൺഗ്രസ്‌ സർക്കാരും ഇപ്പോൾ ബിജെപി സർക്കാരും ചൈനയുമായി ചർച്ച നടത്തുന്നത്‌. ആണവരാജ്യങ്ങളായ ഇന്ത്യയും  ചൈനയും യുദ്ധംചെയ്യണമെന്നാണ്‌ അമേരിക്ക അഗ്രഹിക്കുന്നത്‌. യുദ്ധത്തിലൂടെ ഇരുരാജ്യങ്ങളുടെയും സർവനാശം ആഗ്രഹിക്കുന്ന അമേരിക്കയ്‌ക്ക്‌ ഒപ്പമാണോ കോൺഗ്രസും  ബിജെപിയുമെന്ന്‌ വ്യക്തമാക്കണമെന്നും എസ്‌ ആർ പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിൽ താൻ ചൈനയെ പ്രകീർത്തിച്ചുവെന്നാണ്‌ ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും പ്രചരിപ്പിക്കുന്നത്‌. സമ്മേളനങ്ങളിൽ ആഗോളസ്ഥിതി വിലയിരുത്തുമ്പോൾ സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങളുടെ മുന്നേറ്റം പറഞ്ഞിരുന്നു. ചൈനയുടെ വളർച്ചയിൽനിന്ന്‌ ഇന്ത്യ പാഠം ഉൾക്കൊള്ളണമെന്ന്‌ സൂചിപ്പിച്ചു. ലോകത്ത്‌ ദാരിദ്ര്യനിർമാർജനത്തിൽ ചൈനയുടെ പങ്ക്‌ 70 ശതമാനമാണെന്നും പട്ടിണിക്കാരിൽ 60 ശതമാനവും ഇന്ത്യയിലാണെന്നുമുള്ള ലോകബാങ്ക്‌ റിപ്പോർട്ടും പരാമർശിച്ചു. ചൈനയെപ്പോലെ ഇന്ത്യയ്‌ക്ക്‌ വളരാൻ കഴിയുന്നില്ല.

ഇതേ നിലപാടാണ്‌ പിണറായി വിജയനും വിശദീകരിച്ചത്‌. ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. സാമ്പത്തികവളർച്ചയുടെ ഭാഗമായി ചൈനയിൽ ചില സമ്പന്നവിഭാഗങ്ങൾ ഉയർന്നതും അഴിമതി വളർന്നതും പിണറായി പരാമർശിച്ചിരുന്നു. ഇത്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിതന്നെ ചൂണ്ടിക്കാട്ടിയതാണ്‌.  അമേരിക്കയ്‌ക്ക്‌ ചൈന വെല്ലുവിളി ഉയർത്തുന്നതിലാണ്‌ കോൺഗ്രസ്‌ നേതാവ്‌ കെ സി വേണുഗോപാലിന്‌ ആശങ്ക.  ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിപ്രശ്‌നം പരിഹരിക്കാൻ യുദ്ധം വേണമെന്ന നിലപാടാണ്‌ വേണുഗോപാലിനെന്നും എസ്‌ ആർ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top