കൊച്ചി
ക്യാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായത് കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെയും വിദേശ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. വിദ്യാഭ്യാസത്തിനും വിദഗ്‌ധതൊഴിലുകൾക്കുമായി കേരളത്തിൽനിന്ന് കൂടുതൽപേർ പോകുന്ന രാജ്യങ്ങളിലൊന്നാണ് ക്യാനഡ. ബന്ധം വഷളായതോടെ റിക്രൂട്ടിങ് ഏജൻസികൾ ആശങ്കയിലാണ്.
കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ക്യാനഡക്കാരുടെ വരവ് ഇപ്പോഴത്തെ പ്രശ്‌നംമൂലം വൻതോതിൽ കുറയുമെന്ന് കാസിനോ ഗ്രൂപ്പ് ഹോട്ടലുകളുടെ സിഇഒ ജോസ് ഡൊമിനിക് പറഞ്ഞു. യുകെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ക്യാനഡയിൽനിന്നാണ്. കേരളത്തിൽ എവിടെയും ഇംഗ്ലീഷിൽ ആശയവിനിമയം സാധ്യമാകുമെന്നതും അവരുടെ താൽപ്പര്യത്തിന് കാരണമാണ്. ഇടനിലക്കാരുടെ സഹായമില്ലാതെ എവിടെയും യാത്ര ചെയ്യാം. അവിടെനിന്നുള്ള യാത്രികരുടെ വരവിൽ ഇക്കുറി കുറവുണ്ടായേക്കുമെന്നും ജോസ് ഡൊമിനിക് പറഞ്ഞു.
പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസികളും തൊഴിൽസ്ഥാപനങ്ങളും. ഇന്ത്യയിൽനിന്ന് എഴുപതിനായിരത്തോളംപേരാണ് കഴിഞ്ഞവർഷം ക്യാനഡയിലേക്ക് വിദ്യാഭ്യാസ ആവശ്യത്തിന് പോയത്. ഇതിൽ മുപ്പതിനായിരത്തോളംപേർ കേരളത്തിൽനിന്നായിരുന്നു. കൊച്ചിയിലെ സാന്റമോണിക്ക സ്‌റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെമാത്രം 7236 പേർ പോയതായി സീനിയർ മാനേജർ (മാർക്കറ്റിങ്) റോണി തിമോത്തി പറഞ്ഞു. ക്യാനഡയുമായുള്ള പ്രശ്‌നം ഇപ്പോൾ വിദ്യാഭ്യാസ, തൊഴിൽ റിക്രൂട്ടിങ് മേഖലയിൽ പ്രതിഫലിച്ചുതുടങ്ങിയിട്ടില്ലെന്നും പരിഹരിക്കാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും കൊച്ചിയിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി ഉടമ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..